അബുദാബി: യുഎഇയിലെ മലയാളിക്ക് രണ്ടാം തവണയും കോടി ഭാഗ്യം. ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ ഒരു കോടി രൂപ (5 ലക്ഷം ദിർഹം) മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശി കണ്ണങ്കടവത്ത് സൈദാലിക്കാണ് ലഭിച്ചത്. സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മറ്റു 9 പേർ ചേർന്നാണ് ടിക്കറ്റെടുത്തത്. കൂട്ടത്തിൽ ഒരു പാക്കിസ്ഥാനിയും ഒരു ബംഗാളിയും ഉണ്ട്.
സൈദാലി 30 വർഷമായി അബുദാബിയിൽ ഒരു അറബിയുടെ വീട്ടിൽ പാചകക്കാരനാണ്. 1998ൽ 15 പേർ ചേർന്ന് എടുത്ത ടിക്കറ്റിലായിരുന്നു ആദ്യ ഭാഗ്യം. അന്നത്തെ സമ്മാനത്തുകകൊണ്ട് സൈദാലി അടക്കം 13 പേരും വീടുവച്ചു. ഇത്തവണ 25, 50, 100 ദിർഹം വീതം 10 പേർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക ആനുപാതികമായി വീതിക്കും. ജോലിയിൽ തുടരുമെന്നും നാട്ടിൽ തിരിച്ചെത്തുമ്പോൾ എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നുമാണ് ആഗ്രഹമെന്നും സൈദാലി പറഞ്ഞു.