കൊച്ചി: കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കിയ പൂമ്പാറ്റ സിനിയ്ക്ക് മോചനം. ഗർഭിണിയായ മകളെ പരിചരിക്കാന്‍ ആരുമില്ലെന്ന മാനുഷിക പരിഗണനയിലാണ് പൂമ്പാറ്റ സിനിയെന്ന പേരിൽ അറിയപ്പെടുന്ന സിനിയെന്ന 45കാരിയെ കരുതല്‍ തടങ്കല്‍ കാലയളവ് പൂർത്തിയാവുന്നതിന് മുന്‍പ് വിട്ടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുടേതാണ് തീരുമാനം. സാധാരണ ഗതിയില്‍ കരുതല്‍ തടങ്കല്‍ കേസുകളില്‍ സാധാരണ കോടതി ഇടപെടാറില്ലെങ്കിലും അസാധാരണ സാഹചര്യത്തിലാണ് ഇത്തരമൊരു ഇടപെടല്‍. ഏതെങ്കിലും പ്രത്യേക നിയമത്തെ അനുസരിച്ചല്ലെന്നും ഭരണഘടനയിലെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൌലിക അവകാശത്തെയും അടിസ്ഥാനമാക്കിയാണ് ഇളവ് അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ഡിസംബർ 15ന് കരുതല്‍ തടങ്കല്‍ അവസാനിക്കുമായിരുന്ന പൂമ്പാറ്റ സിനിക്ക് നവംബർ 14 ന് പുറത്ത് വരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. പൂമ്പാറ്റ സിനിയ്ക്കായി ബിജു ആന്‍റണി ആളൂർ, കെ പി പ്രശാന്ത്, അർച്ചന സുരേഷ്, സുനിത കെജി , ഹരിത ഹരിഹരന്‍, ഹസീബ് ഹസന്‍ എം എന്നിവരാണ് ഹാജരായത്. കെ എ അനസായിരുന്നു കേസിലെ പബ്ളിക് പ്രോസിക്യൂട്ടര്‍. ജൂണ്‍ മാസത്തിലാണ് പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. തൃശൂർ പൊലീസ് ആണ് സിനി ഗോപകുമാറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
വ്യാജ സ്വണ്ണം പണയം വയ്ക്കുക, കവർച്ച, സാമ്പത്തിക തട്ടിപ്പ്, അക്രമണം തുടങ്ങി 35 കേസുകളിലെ പ്രതിയായിരുന്നു സിനി. എറണാകുളം പള്ളുരുത്തി സ്വദേശിനിയാണ് സിനി. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് തൃശൂർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയാണ് ഇവരെ കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജയിൽശിക്ഷ വിധിച്ചത്.