സിഡ്നി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തോടെ ഓസ്ട്രേലിയയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു കത്തും ചർച്ചയാകുകയാണ്. രാജ്ഞിയുടെ കൈപ്പടയിലുള്ള കത്ത് പതിറ്റാണ്ടുകളായി സിഡ്നിയിലെ രഹസ്യ അറയിലാണുള്ളത്. ഓസ്ട്രേലിയക്കാരോട് രാജ്ഞിക്ക് പറയാനുള്ള പ്രധാനപ്പെട്ട എന്തോ ഒരു കാര്യം അതിലുണ്ട്. പക്ഷേ, കത്ത് തുറന്നു വായിക്കണമെങ്കിൽ ഇനിയും പതിറ്റാണ്ടുകൾ കാത്തിരിക്കണം.
ഇരുപതോ മുപ്പതോ അല്ല 63 വർഷത്തിനപ്പുറമേ ഇനി ആ കത്ത് പുറത്തെടുത്ത് വായിക്കാനാവൂ. 7ന്യൂസ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം 1986 നവംബറിലാണ് രാജ്ഞി ആ കത്ത് എഴുതിയിട്ടുള്ളത്. സിഡ്നിയിലെ ഒരു ചരിത്രസ്മാരകത്തിൽ പ്രത്യേകം പണികഴിപ്പിച്ച ഗ്ലാസ് ചേംബറിനുള്ളിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. സിഡ്നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് കത്തെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു. രാജ്ഞിയുടെ പേഴ്സണൽ സ്റ്റാഫിനു പോലും കത്തിന്റെ ഉള്ളടക്കമെന്തെന്ന് അറിയില്ല. ആകെ അറിയാവുന്നത് 2085ൽ മാത്രമേ അത് തുറക്കാനാവൂ എന്നതാണെന്നും 7ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സിഡ്നിയിലെ മേയറെ അഭിസംബോധന ചെയ്തുള്ളതാണ് കത്ത്. 2085ൽ താങ്കൾ തീരുമാനിക്കുന്ന ഒരു ദിവസം ഈ കത്ത് തുറക്കണം. ഇതിലെ സന്ദേശം സിഡ്നിയിലെ ജനങ്ങളുമായി പങ്കുവെക്കണം. ഇങ്ങനെയാണ് കത്തിനൊപ്പമുള്ള കുറിപ്പ്. എലിസബത്ത് ആർ എന്ന് ഒപ്പുമാത്രമാണ് കവറിലുള്ളത്. ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന നിലയ്ക്ക് 16 തവണ എലിസബത്ത് രാജ്ഞി ഓസ്ട്രേലിയ സന്ദർശിച്ചിട്ടുണ്ട്. രാജ്ഞിയുടെ ഹൃദയത്തിൽ ഓസ്ട്രേലിയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു എന്നാണ് അനുസ്മരണ സന്ദേശത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്തോണി ആൽബനീസ് പറഞ്ഞത്.
1999ൽ എലിസബത്ത് രാജ്ഞിയെ ഹെഡ് ഓഫ് ദ സ്റ്റേറ്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ ഓസ്ട്രേലിയ ഒരു ജനഹിത പരിശോധന നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. രാജ്ഞിയുടെ മരണത്തോടെ അധികാരത്തിലെത്തിയ ചാൾസ് മൂന്നാമനെ പുതിയ ഹെഡ് ഓഫ് ദ സ്റ്റേറ്റായി ഓസ്ട്രേലിയ അംഗീകരിച്ചു കഴിഞ്ഞു.