ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം നീളുന്നു. ആനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പന്‍ നിലവിലുള്ളത്. ആനയെ കൂട്ടം തെറ്റിക്കാന്‍ പടക്കം പൊട്ടിച്ചു. എന്നാല്‍, ഈ ശ്രമം പരാജയപ്പെട്ടതോടെ ദൗത്യം നീളുകയാണ്. വാഹനമെത്താന്‍ കഴിയാത്ത സ്ഥലത്താണ് നിലവില്‍ ആന നില്‍ക്കുന്നത്. ആനയെ പ്ലാന്‍റേഷനില്‍ നിന്ന് പുറത്തെത്തിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമം നടക്കുന്നത്. അരിക്കൊമ്പനെ ദൗത്യസംഘം വളഞ്ഞിരിക്കുകയാണ്. നീങ്ങാന്‍ സാധ്യതയുള്ള മേഖലയിലേക്ക് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. മയക്കുവെടി വയ്ക്കുന്നതിനായി കൃത്യമായി പൊസിഷന്‍ കാത്തിരിക്കുകയാണ് ദൗത്യസംഘം.
അഞ്ച് മയക്കുവെടികളെ അതിജീവിച്ചവനാണ് അരിക്കൊമ്പൻ. ഇതാണ് ഇത്തവണത്തെ ദൗത്യത്തിലും വനം വകുപ്പിനെ കുഴക്കുന്ന പ്രധാന പ്രശ്നം. മൂന്ന് മണി വരെ മയക്കുവെടി വയ്ക്കാം എന്നാണ് നിയമം. ഇന്ന് തന്നെ ദൗത്യം നിര്‍വഹിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. അതേസമയം, അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.