കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീയിട്ട കേസിലെ പ്രതി പശ്ചിമ ബംഗാൾ സ്വദേശി പ്രസോൺ ജിത്ത് സിക്ദറിനെ (40) സാക്ഷി തിരിച്ചറിഞ്ഞു. കണ്ണൂർ സബ്ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് കേസിലെ ഏക സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞത്.കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഭാരത് പെട്രോളിയം കോർപറേഷന്റെ ഇന്ധനസംഭരണിയിലെ സുരക്ഷാജീവനക്കാരനാണ് കേസിലെ ഏക സാക്ഷി. ട്രെയിനിന് തീവെപ്പ് നടന്ന ദിവസം പ്രതിയെ ഇയാൾ കണ്ടിരുന്നു.
ഇക്കാര്യം പിറ്റേന്നുതന്നെ പൊലീസിനെ അറിയിക്കുകയും ചെയ്തു. ബി.പി.സി.എല്ലിന്റെ സി.സി.ടി.വി കാമറയിലും പ്രതിയുടെ ഫോട്ടോ പതിഞ്ഞിരുന്നു. ഇതാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാൻ സഹായകമായത്.റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്നതിന് വ്യാഴാഴ്ച അന്വേഷണ സംഘം കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹരജി നൽകും. ജൂൺ രണ്ടിന് രാത്രിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.ജൂൺ ഒന്നിന് പുലർച്ച ഒന്നരയോടെയാണ് കണ്ണൂർ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനു തീയിട്ടത്.