ദില്ലി: നൈറ്റ് ക്ലബ്ബിലെ ബൗൺസർമാർ തന്നോട് മോശമായി പെരുമാറുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തുവെന്നുള്ള പരാതിയുമായി യുവതി. സംഘർഷത്തിൽ യുവതിയുടെ സുഹൃത്തുക്കൾക്കും മർദനമേറ്റു. സെപ്റ്റംബർ 18 ന് പുലർച്ചെയാണ് സംഭവം നടന്നതെന്നാണ് കെഎം പുര്‍ പൊലീസ് പറയുന്നത്. പുലർച്ചെ 2:14ന് യുവതി പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് സംഘം എത്തിയപ്പോൾ യുവതിയുടെ വസ്ത്രങ്ങൾ അലങ്കോലപ്പെട്ട അവസ്ഥയിലായിരുന്നു.
രണ്ട് ബൗൺസർമാരും ‘കോഡ്’ ക്ലബ്ബിന്റെ മാനേജരും ചേർന്ന് തന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ഉപദ്രവിച്ചതായുമാണ് യുവതി പൊലീസിനോട് പറഞ്ഞതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) ചന്ദൻ ചൗധരി പറഞ്ഞു. മോശമായി പെരുമാറുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു. പ്രതികളെ തിരിച്ചറിഞ്ഞതിന് ശേഷം യുവതിയെ ചികിത്സയ്ക്കായി എയിംസ് ട്രോമ സെന്ററിലേക്ക് കൊണ്ടുപോയെന്നും പൊലീസ് അറിയിച്ചു.
യുവതിയും സുഹൃത്തുക്കളും ദക്ഷിണ ദില്ലിയിലെ സ്വകാര്യ ക്ലബ്ബിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. തർക്കം രൂക്ഷമായതോടെ ബൗൺസർമാർ യുവതിയെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. എന്നാല്‍, ക്ലബ് ഉടമ ഈ ആരോപണങ്ങളും നിഷേധിച്ചു. ദില്ലി പൊലീസ് ഉദ്യോഗസ്ഥർ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കൂടാതെ പണം നല്‍കാത്തതിന് കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും ക്ലബ്ബ് ഉടമ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323, 354 എ, 354 ബി, 509 തുടങ്ങിയ വകുപ്പുകളെല്ലാം ചുമത്തിലാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവ സ്ഥലത്തെത്തി ‘കോഡ്’ ക്ലബ്ബിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ബൗൺസർമാർ പൊലീസിനെയും തടയാൻ ശ്രമിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ സംഭവത്തില്‍ ഏഴുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.