ബെംഗളൂരു ∙ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി വളർത്തു നായയെ ഒഴിവാക്കാനുള്ള ഡോക്ടറുടെ നിർദ്ദേശം ഭർത്താവും വീട്ടുകാരും അവഗണിച്ചതിൽ മനംനൊന്ത് യുവതിയും മകളും ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. വളർത്തുനായയെ മാറ്റിനിർത്താൻ ഭർതൃവീട്ടുകാർ തയാറാകാത്തതിന്റെ പേരിൽ മുപ്പത്താറുകാരിയായ അമ്മയും 13 വയസ്സുള്ള മകളുമാണ് തൂങ്ങിമരിച്ചത്. നായയെ ഒഴിവാക്കാനുള്ള നിർദ്ദേശം വീട്ടുകാർ അവഗണിക്കുന്നതിൽ യുവതി മനോവിഷമത്തിലായിരുന്നുവെന്നു പൊലീസ് അറിയിച്ചു. പ്രഥമദൃഷ്ട്യാ ഇരുവരും ആത്മഹത്യ ചെയ്തതായാണു കരുതുന്നതെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.
ആർ.ദിവ്യ (36), മകൾ ഹൃദയ (13) എന്നിവരാണു ജീവനൊടുക്കിയതെന്നാണു റിപ്പോർട്ട്. ആറാം ക്ലാസ് വിദ്യാർഥിനിയാണു മരിച്ച ഹൃദയ. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ദിവ്യയുടെ ഭർത്താവ് ശ്രീനിവാസ്, ഭർതൃമാതാവ് വസന്ത, ഭർതൃപിതാവ് ജനാർദ്ദനൻ എന്നിവർക്കെതിരെ ഗോവിന്ദാപുര പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശ്രീനിവാസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മകൾക്ക് ഏതാനും വർഷങ്ങളായി ശ്വാസംമുട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു ദിവ്യയുടെ പിതാവ് എം.കെ.രാമൻ വെളിപ്പെടുത്തി. അതിനുപുറമെ ചർമസംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. ഡോക്ടറെ സമീപിച്ചപ്പോൾ നായ്ക്കളിൽനിന്ന് അകലം പാലിക്കാനായിരുന്നു നിർദ്ദേശം.
ഇക്കാര്യം ദിവ്യ വീട്ടിൽ അറിയിച്ചെങ്കിലും വളർത്തുനായയെ ഒഴിവാക്കാൻ ഭർത്താവ് ശ്രീനിവാസും ഭർതൃവീട്ടുകാരും വിസമ്മതിച്ചു. വളർത്തു നായ കാരണം വീട്ടുകാരുടെ ആരോഗ്യത്തിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഭർതൃവീട്ടുകാർ ഇതിൽ ഉറച്ചുനിന്നതോടെ ജീവനൊടുക്കുമെന്നു ദിവ്യ മുൻപും ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. എന്നാൽ ഭർതൃവീട്ടുകാർ ഇതും ഗൗനിച്ചില്ല.
ഇതിന്റെ തുടർച്ചയായി തിങ്കളാഴ്ച ഭർതൃവീട്ടുകാരും ദിവ്യയും തമ്മിൽ വഴക്കുണ്ടായതായി ദിവ്യയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു. വഴക്കിട്ടതിനു പിന്നാലെ ദിവ്യ മകളെയും കൂട്ടി സ്വന്തം മുറിയിലേക്കു പോയി. ഇരുവരെയും ദീർഘ നേരമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.