അമ്പലപ്പുഴ: പലിശയില്ലാതെ വായ്പ്പ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍. കോട്ടയം മൈലാടി നെടുംകുന്നം കരോടി പാച്ചുവാടയ്ക്കൽ പ്രമീളയെ (32) ആണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം ടെക്നോപാർക്കിൽ നിന്നും നാല് കോടി 10 ലക്ഷം രൂപാ പലിശരഹിത വായ്പ എടുത്തു നൽകാമെന്ന് പറഞ്ഞാണ് യുവതി പണം തട്ടിയത്.
പുന്നപ്ര സ്വദേശിയുടെ പരാതിയിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സാലറി സർട്ടിഫിക്കറ്റ് ഈടായി വെച്ച് വായ്പ എടുത്ത് തരാമെന്ന് വിശ്വസിപ്പിച്ച് പലതവണയായി പുന്നപ്ര സ്വദേശിയില്‍ നിന്നും 5,57,600 രൂപയാണ് പ്രമീള തട്ടിയെടുത്തത്. വ്യാജ ചെക്ക് ലീഫ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇട്ടുനൽകിയാണ് യുവതി വിശ്വാസം നേടിയെടുത്തത്. തുടർന്ന് പല തവണയായി പണം തട്ടിയെടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര എസ്. എച്ച്. ഒ. ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്നേഷണത്തിനൊടുവിലാണ് പ്രമീളയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.