ചെറിയൊരു തെറ്റിദ്ധാരണയിലാണ് മനുഷ്യന്‍ പരസ്പരം പല കാര്യങ്ങളും ചെയ്തു കൂട്ടുന്നത്. പലപ്പോഴും പരസ്പരമുള്ള തെറ്റിദ്ധാരണയുടെ പേരില്‍ കാര്യങ്ങള്‍ യാഥാവിധി സംസാരിക്കാതെയിരിക്കുകയും ഇത് പിന്നീട് നമ്മളെ തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് പതിവ്. ഇത്തരത്തിലൊരു തെറ്റിദ്ധാരണയില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. തന്നെ തട്ടിക്കൊണ്ട് പോവുകയാണെന്ന് തെറ്റിദ്ധരിച്ച സ്ത്രീ ഒരു ഊബര്‍ ഡ്രൈവറെ വെടിവെച്ച് കൊല്ലുകയായിരുന്നു. തന്നെ ഊബര്‍ ഡ്രൈവര്‍ മെക്സിക്കോയിലേക്ക് തട്ടിക്കൊണ്ട് പോവുകയാണെന്ന് തെറ്റിദ്ധരിച്ച സ്ത്രീയെ, പടിഞ്ഞാറന്‍ ടെക്സാസിലെ ഊബര്‍ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കെന്‍റകി പോലീസ് അറസ്റ്റ് ചെയ്തത്. ഡാനിയൽ പീദ്ര ഗാർഷ്യ എന്ന 53 കാരനായ ഊബര്‍ ഡ്രൈവറെ കൊലപ്പെടുത്തിയതിനാണ് ഫോബ് കോപാസ് (48) ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.
ജൂണ്‍ 16 ന് കെന്‍റക്കിയിലെ ടോംപ്കിന്‍സ്‍വില്ലെ സ്വദേശിയായ കോപാസ് തന്‍റെ കാമുകനെ സന്ദര്‍ശിക്കാന്‍ തെക്കുകിഴക്കൻ എല്‍ പാസോയിലേക്ക് പോവുന്നതിനിടെയായിരുന്നു സംഭവം. ഡാനിയൽ പീദ്ര ഗാർഷ്യയുടെ ഊബര്‍ ടാക്സിയിലായിരുന്നു ഇവരുടെ യാത്ര. ജുവാരസിന് സമീപം യു.എസ്-മെക്സിക്കോ അതിർത്തിയിലാണ് എൽ പാസോ നഗരം. യാത്രയ്ക്കിടെ “ജുവാരസ്, മെക്സിക്കോ” എന്ന ട്രാഫിക് ബോര്‍ഡ് കണ്ട കോപാസ്, ഡാനിയൽ പീദ്ര ഗാർഷ്യ തന്നെ മെക്സിക്കോയിലേക്ക് തട്ടിക്കൊണ്ട് പോവുകയാണെന്ന് തെറ്റിദ്ധരിച്ചു. ഇതിന് പിന്നാലെ കോപാസ് തന്‍റെ ബാഗില്‍ നിന്നും കൈത്തോക്ക് പുറത്തെടുക്കുകയും ഡാനിയൽ പീദ്രയുടെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുനെന്ന് ഇവര്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെടിയുതിര്‍ത്തതിന് പിന്നാലെ വാഹനം നിരവധി തവണ ഇടിച്ച ശേഷമാണ് നിന്നത്.
അപകടം നടന്ന സ്ഥലത്ത് ഒരു പാലത്തിന്‍റെയോ തുറമുഖത്തിന്‍റെയോ സമീപ്യമില്ലെന്നും അവിടെ നിന്നും മെക്സിക്കോയിലേക്ക് പെട്ടെന്ന് യാത്ര ചെയ്യാന്‍ കഴിയുന്ന മറ്റ് വഴികളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോബ് കോപാസ് ആരോപിച്ചത് പോലെ അവിടെ ഒരു തട്ടിക്കൊണ്ടു പോകലിനുള്ള സാധ്യത ഇല്ലെന്ന് മാത്രമല്ല, ഡാനിയൽ പീദ്ര ഗാർഷ്യ, ഫോബ് കോപാസിന്‍റെ യാത്രാ വഴിയില്‍ നിന്നും വ്യതിചലിച്ചതിനുള്ള തെളിവില്ലെന്നും പോലീസ് പറയുന്നു. അതേസമയം, അത്തരം ഒരു സംശയം തോന്നിയപ്പോള്‍ 911 ലേക്ക് വിളിക്കുന്നതിന് മുമ്പ് തന്നെ കോപാസ്, ഡാനിയൽ പീദ്ര ഗാർഷ്യയുടെ ചിത്രമെടുത്ത് കാമുകന് അയച്ചു കൊടുത്തതായും പോലീസ് പറയുന്നു. വെടിയേറ്റതിന് പിന്നാലെ നിരവധി ദിവസത്തോളം പീദ്ര കോമയിലായിരുന്നു. പിന്നീട് അദ്ദേഹം സുഖം പ്രാപിക്കില്ലെന്ന ഡോക്ടര്‍മാര്‍ വിധി എഴുതിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യുകയും തുടര്‍ന്ന് പീദ്ര മരിക്കുകയുമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അദ്ദേഹം ഒരിക്കലും ഒരു അക്രമണകാരിയായിരുന്നില്ലെന്നും എപ്പോഴെങ്കിലും നമ്മള്‍ ‘ഡൗണാ’യി കാണ്ടാല്‍ വന്ന് തമാശകള്‍ പറഞ്ഞ് നമ്മളെ ചില്ലാക്കുന്ന ഒരാളാണ് പീദ്രയെന്നും അദ്ദേഹത്തിന്‍റെ മരുമകള്‍ ദിദി ലോപ്പസ് എൽ പാസോ ടൈംസിനോട് പറഞ്ഞു. ഒരു അപകടത്തിന് ശേഷം സുഖം പ്രാപിച്ച് വീണ്ടും അദ്ദേഹം ജോലിക്ക് കയറിയതേയുണ്ടായിരുന്നൊള്ളൂ. കോപാസ് ആദ്യമേ തോക്കെടുക്കുന്നതിന് പകരം അദ്ദേഹത്തോട് സംസാരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നെങ്കില്‍ അവള്‍ ഞങ്ങളുടെയോ അവളുടെയോ ജീവിതം നശിപ്പിക്കില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.