ദില്ലി: 14 ഗർഭഛിദ്രത്തിന് വിധേയമായ യുവതി ഒടുവിൽ ആത്മഹത്യ ചെയ്തു. 33 കാരിയായ യുവതിയാണ് ദില്ലിയിലെ അപ്പാർട്ട്മെന്റിൽ ജീവനൊടുക്കിയത്. ലിവിങ് ടുഗതറിലായിരുന്ന പങ്കാളി 14 തവണ നിർബന്ധിച്ച് ഗർഭച്ഛിദ്രം ചെയ്യിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യാ കുറിപ്പ് ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.
തെക്കുകിഴക്കൻ ദില്ലിയിലെ ജയ്ത്പൂർ മേഖലയിൽ ജൂലൈ അഞ്ചിനാണ് സംഭവം. വിവാഹവാഗ്ദാനം നൽകിയ യുവാവുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു യുവതി. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ 14 തവണ ഗർഭഛിദ്രത്തിന് വിധേയമായെന്നും എന്നാൽ വിവാഹം കഴിക്കാൻ യുവാവ് വിസമ്മതിച്ചെന്നും ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്നും യുവതി എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഭർത്താവുമായി വേർപിരിഞ്ഞാണ് യുവതി താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
നോയിഡയിലെ ഒരു സോഫ്റ്റ്വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിഹാറിലെ മുസാഫർപൂരിൽ താമസിക്കുന്ന യുവതിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം അവർക്ക് വിട്ടുകൊടുക്കുകയും ചെയ്തു. സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), 376 (ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ) എന്നിവ പ്രകാരമാണ് കേസെടുത്തത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ ഭർത്താവിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഭാര്യയുമായി എട്ട് വർഷം മുമ്പ് വേർപിരിഞ്ഞതായി ഇയാൾ പറഞ്ഞു.