കൊല്ലം: തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിൽസാ പിഴവുകൊണ്ടെന്ന് പരാതി. കൊല്ലം ചടയമംഗലം സ്വദേശി 32 വയസുള്ള അശ്വതിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. തിങ്കളാഴ്ചയാണ് ചടയമംഗലം പോരേടം സ്വദേശി അശ്വതി മരിച്ചത്. ഗർഭിണിയായ അശ്വതി ആദ്യം ചികിത്സതേടിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു. കുഞ്ഞിന് വളർച്ചക്കുറവുള്ളതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത് ഒരാഴ്ച മുൻപാണ്. വെള്ളിയാഴ്ച ശാസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. കുട്ടിയേയും അമ്മയേയും വാർഡിലേക്ക് മാറ്റി. രാത്രിയോടെ വയറു വേദനയുണ്ടായി. സിസേറിയന്റെ തൊട്ടടുത്ത ദിവസം ശനിയാഴ്ച വീണ്ടും അടിയന്തര ശസ്ത്രക്രിയ ചെയ്തിരുന്നു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.
അശ്വതിയുടെ മരണത്തിൽ പൊലീസിൽ പരാതി നൽകിയത് അശ്വതിയുടെ സഹോദരനാണ്. പോസ്റ്റുമോർട്ടത്തിൽ മരണ കാരണം വ്യക്തമല്ലെന്നാണ് ഡോക്ടർമാരിൽ നിന്ന് പൊലീസിന് കിട്ടിയ വിവരം. അന്വേഷണത്തിന്റെ ഭാഗമായി ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, കുട്ടി എസ് എ ടി ആശുപത്രിയുടെ പരിചരണത്തിൽ തുടരുകയാണ്. അശ്വതിക്കും വിബിനും മറ്റ് രണ്ട് മക്കൾ കൂടിയുണ്ട്.