ബാര്‍ഡോ: മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ രോഗം ബാധിച്ച യുവതി മരിച്ചു. ഫ്രാന്‍സിലെ പ്രമുഖ നഗരമായ ബാര്‍ഡോയിലായിരുന്നു സംഭവം. ‘ബോട്ടുലിസം’ എന്ന അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റാണ് യുവതിയുടെ ദാരുണ മരണം സംഭവിച്ചതെന്ന് ബുധനാഴ്ച ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
32 വയസുകാരിയാണ് മരണപ്പെട്ടത്. ഇവര്‍ ഏത് രാജ്യത്തു നിന്ന് എത്തിയതാണെന്ന വിവരം ലഭ്യമായിട്ടില്ല. ശരീരത്തിലെ നാഡിവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമായ ബോട്ടുലിസം പൊതുവെ അശാസ്ത്രീയമായും തെറ്റായ രീതിയിലും സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയാണ് പിടിപെടുന്നത്. തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പ്രധാന നഗരമായ ബാര്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ജീവനക്കാര്‍ സ്വന്തം നിലയ്ക്ക് തന്നെ സൂക്ഷിച്ചിരുന്ന മത്സ്യമാണ് ഉപയോഗിച്ചിരുന്നതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
ഇതേ റസ്റ്റോറന്റില്‍ നിന്ന് മത്സ്യം കഴിച്ച പന്ത്രണ്ട് പേര്‍ കൂടി ബുധനാഴ്ച പുലര്‍ച്ചെ എമര്‍ജന്‍സി വിഭാഗത്തില്‍ അടിയന്തിര ചികിത്സ തേടിയതായി ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. ഇവരില്‍ അഞ്ച് പേര്‍ക്ക് ജീവന്‍രക്ഷാ ഉപാധികളുടെ സഹായം വേണ്ടിവന്നു. അമേരിക്ക, അയര്‍ലന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ചികിത്സയിലുള്ളതെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം സമാനമായ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരു ജര്‍മന്‍ പൗരനും ഒരു സ്പെയിന്‍ പൗരനും ചികിത്സക്കായി നാട്ടിലേക്ക് പോവുകയും ചെയ്തു.
വലിയ തോതില്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന നഗരമാണ് ഭക്ഷണത്തിനും വൈനിനും പേരുകേട്ട ബാര്‍ഡോ. സെപ്റ്റംബര്‍ നാല് മുതല്‍ പത്ത് വരെ ഇവിടുത്തെ ഒരു പ്രധാന റസ്റ്റോറന്റില്‍ നിന്ന് മത്സ്യം കഴിച്ചവരാണ് ചികിത്സ തേടിയത്. റസ്റ്റോറന്റ് ഉടമ സ്വന്തം നിലയില്‍ ജാറുകളില്‍ സൂക്ഷിച്ചിരുന്ന മത്തിയാണ് ഇവരെല്ലാം കഴിച്ചിരുന്നതെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ കാരണം ഉണ്ടാവുന്ന വിഷപദാര്‍ത്ഥമാണ് ബോട്ടുലിസം എന്ന അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാവുന്നത്. അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ആളുകളില്‍ ഇത് മരണ കാരണമാവാറുണ്ട്. സൂക്ഷിച്ചുവെയ്ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ശരിയായ രീതിയില്‍ അണുവിമുക്തമാക്കാതിരിക്കുന്നതാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ വളരാന്‍ ഇടയാക്കുന്നത്. റസ്റ്റോറന്റില്‍ ആരോഗ്യ വിഭാഗം അധികൃതര്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ബാക്ടീരിയയുടെ ഇന്‍കുബേഷന്‍ പീരിഡ് കൂടുതലായതിനാല്‍ കൂടുതല്‍ പേര്‍ക്ക് ഇനിയും ഭക്ഷ്യ വിഷബാധയേല്‍ക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.
പേശികളില്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന തളര്‍ച്ചയാണ് ബോട്ടുലിസം കാരണം സാധാരണ ഉണ്ടാവുന്ന പ്രധാന പ്രശ്നം. എന്നാല്‍ ശ്വസന വ്യവസ്ഥയുമായി ബന്ധപ്പെട്ട പേശികളിലുണ്ടാവുന്ന തളര്‍ച്ച കാരണം അത്യാഹിത സാഹചര്യത്തിലേക്ക് വളരെ വേഗം രോഗി എത്തിച്ചേരാനുള്ള സാധ്യതയുമുണ്ട്. മത്സ്യം താന്‍ തന്നെ ജാറുകളിലാക്കി സൂക്ഷിച്ചിരുന്നതാണെന്ന് റസ്റ്റോറന്റ് ഉടമ പറഞ്ഞു. തുറന്നപ്പോള്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചില ജാറുകളില്‍ ഉണ്ടായിരുന്ന മത്സ്യം ഉപേക്ഷിച്ചു. മറ്റുള്ളതിന് കാര്യമായ പ്രശ്നങ്ങളുള്ളതായി തോന്നാത്തതിനാല്‍ അവ പാചകം ചെയ്ത് ഉപഭോക്താക്കള്‍ക്ക് നല്‍കിയെന്നും ഇയാള്‍ പറഞ്ഞു.