തന്നെ ആളുകൾ തട്ടിക്കൊണ്ടുപോയി എന്ന് വരുത്തിത്തീർക്കുന്ന ഒരുപാട് സീനുകൾ നാം സിനിമയിൽ കണ്ടിട്ടുണ്ട്. അതുപോലെ കാലിഫോർണിയയിലെ ഒരു യുവതിയും മുൻകാമുകന്റെ അടുത്തേക്ക് മുങ്ങി, തന്നെ തട്ടിക്കൊണ്ടുപോയതാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. അതിന് ഇപ്പോൾ 18 മാസം ജയിലിൽ കഴിയേണ്ടി വന്നിരിക്കയാണ്.
ഷെരി പാപ്പിനി എന്ന 39 -കാരിയെയാണ് 2016 നവംബറിൽ കാണാതെയാവുന്നത്. മൂന്നാഴ്ചകൾക്ക് ശേഷം ഒരു താങ്ക്സ്ഗിവിംഗ് പരിപാടിക്കിടെ അവൾ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. രണ്ട് സ്ത്രീകൾ തന്നെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ചു. ഇത് വലിയ തരത്തിലുള്ള അന്വേഷണത്തിന് കാരണമായി. പൊലീസ് ആ സ്ത്രീകളെ തേടി പരക്കം പാഞ്ഞു.
എന്നാൽ, അധികം വൈകാതെ ഷെരി അവളുടെ മുൻ കാമുകന്റെ വീട്ടിൽ ആയിരുന്നു എന്നും തട്ടിക്കൊണ്ടു പോകൽ നാടകത്തിന് കരുത്തു കൂട്ടുന്നതിനായി സ്വയം മുറിവേൽപ്പിച്ചു എന്നും എഫ്‍ബിഐ ഏജന്റുമാർ കണ്ടെത്തി. അവളെ കാണാതായി എന്ന വാർത്ത പരക്കുന്നത് 2016 നവംബറിൽ അവളുടെ ഭർത്താവ് അവളെ കാണാനില്ല എന്ന് പരാതി കൊടുത്തപ്പോഴാണ്. ഡേ കെയറിൽ നിന്നും കുട്ടികളെ തിരികെ കൊണ്ടുവരാൻ അവളെത്താത്തപ്പോഴാണ് ഭർത്താവ് അവളെ കാണാതായതായി ശ്രദ്ധിക്കുന്നത്.
മൂന്നാഴ്ചകൾക്ക് ശേഷം ദേഹത്താകെ മുറിവുമായി അവളെ റോഡരികിൽ കണ്ടെത്തി. തന്നെ തോക്കിൻമുനയിൽ രണ്ട് സ്ത്രീകൾ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു അവൾ പറഞ്ഞത്. ഈ മാർച്ചിലാണ് ഈ സംഭവങ്ങളെല്ലാം കെട്ടിച്ചമച്ചതാണ് എന്ന് എഫ്ബിഐക്ക് ബോധ്യപ്പെടുന്നത്. ഒരു ക്രിമിനൽ പരാതിയിൽ, അവൾ ഒരു മുൻ കാമുകന്റെ വീട്ടിൽ സ്വമേധയാ താമസിക്കുകയായിരുന്നുവെന്നും 2015 ഡിസംബർ മുതൽ പ്രീപെയ്ഡ് ബർണർ ഫോണുകൾ ഉപയോഗിച്ച് അവനുമായി അവൾ സംസാരിക്കുന്നുണ്ട് എന്നും എഫ്ബിഐ കണ്ടെത്തി.
തിങ്കളാഴ്ച സാക്രമെന്റോയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ അവൾ കള്ളം പറഞ്ഞതിനും ഇത്തരം ഒരു കാര്യം ചെയ്തതിനും മാപ്പ് പറഞ്ഞു. ആളുകൾക്ക് തന്നെ കൊണ്ടുണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് ചോദിക്കുന്നു. തന്റെ മോശം സമയത്ത് തന്നോടൊപ്പം നിന്നതിൽ നന്ദി അറിയിക്കുന്നു എന്നുമെല്ലാം അവൾ തുറന്ന് പറഞ്ഞു. ഒപ്പം സംഭവിച്ചതിന്റെ എല്ലാം ഉത്തരവാദിത്തം താൻ സ്വയം ഏറ്റെടുക്കുന്നു എന്നും ഷെരി പറയുകയുണ്ടായി.
ഏതായാലും ഷെരി ചില മാനസിക പ്രശ്നങ്ങളിലാണ് എന്ന് അവളുടെ വക്കീൽ വാദിച്ചു. ഒരു വലിയ തുക പിഴയായി ഒടുക്കാനും അവൾ തയ്യാറായി. അങ്ങനെ ഒരു തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ചതിനും എഫ്ബിഐ -യെ പറ്റിച്ചതിനും അവൾക്ക് 18 മാസത്തെ തടവുശിക്ഷ ലഭിച്ചു.