ജിന്ദ്∙ ഒൻപതുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് അമ്മ കൊന്നു. ഹരിയാനയിലെ ദനോദ ഗ്രാമത്തിലാണു സംഭവം. കുട്ടികളുടെ അമ്മയായ ശീതളിനെതിരെ കൊലപാതകക്കുറ്റത്തിനു സദർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. ഭർത്താവിന്റെ പരാതിയെ തുടർന്ന് സംഭവം നടന്ന് 13 ദിവസത്തിനു ശേഷമാണ് പ്രതിയായ അമ്മ പൊലീസില്‍ കീഴടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 12ന് കുട്ടികളുടെ പിതാവ് വയലിൽ ജോലിക്കു പോയപ്പോഴായിരുന്നു സംഭവം. ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയപ്പോൾ വീടിനു പുറത്ത് ആൾക്കൂട്ടം ഉണ്ടായിരുന്നു. അകത്തു കയറിയപ്പോൾ ജാന്‍വിയും ജാനകിയും മരിച്ചെന്ന് കുട്ടികളുടെ അമ്മ ശീതൾ പറഞ്ഞതായി പിതാവ് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ശീതളിന്റെ വാക്ക് വിശ്വസിച്ച കുടുംബം കുട്ടികളുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ സംസ്കരിച്ചു. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.