ദില്ലി: സ്ത്രീയുമായുള്ള വീഡിയോ കോളിന്‍റെ അശ്ലീല ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. രാജസ്ഥാൻ സ്വദേശികളായ ബർഖത് ഖാൻ (32), റിസ്വാൻ (22) എന്നിവരെയാണ് ഷഹ്ദാരയിലെ സൈബർ സെൽ സംഘം അറസ്റ്റ് ചെയ്തത്. ജൂലൈ 18 ന് വയോധികന്‍റെ ഫോണിലേക്ക് വീഡിയോ കോള്‍ വന്നു. കോള്‍ എടുത്തപ്പോള്‍ നഗ്നയായി ഇരിക്കുന്ന സ്ത്രീയെയാണ് കണ്ടത്. എന്താണ് സംഭവമെന്ന് വൃദ്ധന് മനസ്സിലാകും മുന്‍പ് ആ വീഡിയോ കോളിന്‍റെ സ്ക്രീന്‍ ഷോട്ട് സ്ത്രീ എടുത്തു.
പിന്നാലെ ദില്ലി സൈബർ സെല്ലില്‍ നിന്നാണ് സംസാരിക്കുന്നതെന്ന് പറഞ്ഞ് വിവിധ മൊബൈൽ നമ്പറുകളിൽ നിന്ന് കോളുകൾ വരാൻ തുടങ്ങി. വീഡിയോ കോളിന്‍റെ സ്‌ക്രീൻ ഷോട്ട് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ആദ്യമൊന്നും ഈ കോള്‍ വൃദ്ധന്‍ ഗൌരവമായി എടുത്തില്ല. ഇതോടെ പ്രതികള്‍ അടവ് മാറ്റി.
വീഡിയോ കോള്‍ ചെയ്ത സ്ത്രീ തൂങ്ങിമരിച്ചെന്ന് പറഞ്ഞ് മറ്റൊരു ചിത്രം വൃദ്ധന്‍റെ ഫോണിലേക്ക് വന്നു. ഇതോടെ ഭയന്നുപോയ അദ്ദേഹം പ്രതി നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് 12,80,000 രൂപ അയച്ചു. സ്ത്രീയുടെ മരിച്ച നിലയിലുള്ള ഫോട്ടോയും തട്ടിപ്പായിരുന്നു. പിന്നാലെ ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാജസ്ഥാനിലെ അൽവാറിൽ നിന്ന് ബര്‍ഖത് ഖാനെ അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രോഹിത് മീണ പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും നിരവധി സിം കാർഡുകളും കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ ഇത്തരം വീഡിയോ കോളുകൾ നടത്തി ആളുകളെ കബളിപ്പിക്കാനും കൊള്ളയടിക്കാനും ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. പിന്നാലെ ഡീഗിൽ നിന്നാണ് റിസ്വാനെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.