ന്യൂയോർക്ക്: വിമാനം പറത്തുന്നതിനിടെ സഹപൈലറ്റായ വനിതക്ക് മുന്നിൽ വസ്ത്രമഴിച്ച് നഗ്നനായി പോൺ വീഡിയോ കണ്ട പൈലറ്റിനെതിരെ നിയമനടപടിയുമായി വനിതാ പൈലറ്റ്. വിമാന കമ്പനിക്കുമെതിരെയും യുവതി നിയമനടപടിയുമായി മുന്നോട്ടുപോകും. യു.എസ് വിമാന കമ്പനിയായ സൗത്ത് വെസ്റ്റ് എയർലൈൻസിനെതിരെയും സഹ പൈലറ്റിനുമെതിരെയാണ് വനിതാ പൈലറ്റായ ക്രിസ്റ്റൈൻ ജാനിങ് കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതി ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ കമ്പനി കൂട്ടാക്കിയിരുന്നില്ലെന്നും അതുകൊണ്ടാണ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതെന്നും ഇവർ പറഞ്ഞു.
2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഫിലാഡൽഫിയയിൽനിന്ന് ഫ്‌ളോറിഡയിലേക്കുള്ള പുറപ്പെട്ട വിമാനത്തിലായിരുന്നു വനിതാ പൈലറ്റിന് മോശമായ അനുഭവമുണ്ടായത്. യാത്രയ്ക്കിടെ സഹപൈലറ്റായ മൈക്കൽ ഹാക്ക് കോക്പിറ്റ് വാതിൽ പൂട്ടിയ ശേഷം വസ്ത്രങ്ങൾ അഴിച്ച് പൂർണ നഗ്നനായി ലാപ് ടോപ്പിൽ പോൺ വീഡിയോ കാണുകയായിരുന്നു. തന്റെ അവസാന യാത്രയാണിതെന്നും റിട്ടയർമെന്റിനുമുമ്പ് തനിക്ക് ചിലത് ചെയ്യാനുണ്ടെന്നും പറഞ്ഞായിരുന്നു ഇയാളുടെ പ്രവൃത്തിയെന്നും യുവതി പരാതിയിൽ പറഞ്ഞു. പൂർണനഗ്നനായി ഇയാൾ സ്വന്തം ഫോട്ടോയും വിഡിയോയും പകർത്തി. എന്നാൽ, തന്നോട് നേരിട്ട് മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്തില്ലെന്നും പക്ഷേ ഇയാളുടെ പ്രവൃത്തി തനിക്ക് അപമാനമായെന്നും ഇവർ പറഞ്ഞു.
യാത്ര പൂർത്തിയാക്കിയപ്പോൾ തന്നെ ജാനിങ് കമ്പനിയിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം, പരാതിക്കാരിയായ പൈലറ്റിന് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ സമീപിച്ചത്. കേസിനെ തുടർന്ന് ആരോപണവിധേയനായ പൈലറ്റ് ഹാക്ക് 2021 കോടതിയിൽ കുറ്റസമ്മതം നടത്തി. ഇയാളെ കോടതി ഒരു വർഷം സദാചാര ശിക്ഷണവും 5,000 ഡോളർ പിഴയും ചുമത്തിയിരുന്നു. തുടർന്നാണ് വിമാനക്കമ്പനിക്കെതിരെ യുവതി നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.