ബെയ്ജിങ്: വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ 11 ലക്ഷം രൂപ ചെലവാക്കി ചൈനീസ് യുവതി. വളർത്തു നായയുടെ പത്താം ജന്മദിനം ആഘോഷിക്കാൻ ചൈനീസ് യുവതി ചെലവഴിച്ചത് 100000 യുവാനാണ്. ഇത്ഏകദേശം 11 ലക്ഷത്തോളം ഇന്ത്യൻ രൂപയാണ്. ചൈനയിലെ സിയാങ് നദിയുടെ ആകാശത്ത് വളർത്തു നായക്ക് പത്താം ജന്മദിനാശംസകളെന്ന് എഴുതി കാണിക്കാന്‍ 520 ഡ്രോണുകളാണ് യുവതി വാടകക്കെടുത്തത്. ജന്മദിന കേക്കിന്‍റെയും വളർത്തുനായയുടെയും പാറ്റേണുകൾ ഇലക്ട്രോണിക് ഫ്ലൈയിങ് മെഷീനുകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്താണ് ഡ്രോണുകൾ പറത്തിയത്.
ഐ ലവ് യു എന്ന വാക്യത്തിന് സമാനമായി മന്ദാരിൻ ലിപിയിൽ ആകാശത്ത് എഴുതിക്കാണിക്കാനാണ് യുവതി 520 ഡ്രോണുകൾ വാടകക്കെടുത്തത്. എന്നാൽ ഡ്രോണുകൾ പറത്താൻ അനുമതിയില്ലാത്ത മേഖലയിലാണ് യുവതി പിറന്നാൾ ആഘോഷം നടത്തിയതെന്നും ഡ്രോണുകൾ ശ്രദ്ധയിൽപെട്ടിരുന്നെങ്കിൽ വെടിവെച്ചിടുമായിരുന്നെന്നും ലോക്കൽ പോലീസ് പറഞ്ഞു. ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഡ്രോണുകൾ പറത്തുന്നതിന് മുമ്പ് എല്ലാ പൗരന്മാരും പോലീസിന്‍റെ അനുമതി വാങ്ങേണ്ടത് നിർബന്ധമാണെന്ന് പോലീസ് കൂട്ടിചേർത്തു. ഒക്ടോബറിൽ സമാനമായി ഷോപ്പിംഗ് മാളിന്‍റെ ഉദ്ഘാടനത്തിനു വേണ്ടി ഡ്രോണുകൾ ഉപയോഗിച്ച് ലൈറ്റ് ഷോ നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുകളെ തുടർന്ന് ഡ്രോണുകൾ നിലത്ത് വീഴുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഹെനാൻ പ്രവിശ്യയിലെ ഷെങ്‌ഷൂ വാൻഡ പ്ലാസ ഷോപ്പിങ് മാളിലാണ് 200ലധികം ഡ്രോണുകളെ പറത്താന്‍ ശ്രമിച്ചത്. കുട്ടികളുൾപ്പെടെ 5000 ത്തോളംപേർ അന്ന് ലൈറ്റ് ഷോ കാണാൻ തെരുവിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടയിലേക്കാണ് ഡ്രോണുകൾ വീണത്.