തൃശ്ശൂർ : യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി കെട്ടിയിട്ടു പീഡിപ്പിച്ച കേസിൽ തട്ടിപ്പുകേസുകളിലെ പ്രതി അറസ്റ്റിൽ. പുതുക്കാട് അരങ്ങത്തുവീട്ടിൽ ലെനിൻ (54) ആണ് അറസ്റ്റിലായത്. വ്യാജരേഖ ചമയ്ക്കലും കബളിപ്പിക്കലുമായി ബന്ധപ്പെട്ട പത്തോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ലോൺ സംഘടിപ്പിച്ചുകിട്ടാനായി സമീപിച്ച കണ്ണൂർ സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ചത്. ഇവരുടെ എൻ.ആർ.ഐ. അക്കൗണ്ട് പ്രവർത്തനരഹിതമായതിനാൽ സ്ഥലം ഈടുവെച്ച് ലോൺ എടുക്കാനായി പരിചയക്കാർ വഴി ലെനിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ ഒന്നര ഏക്കർ സ്ഥലം ഇയാൾ സന്ദർശിച്ചു. ആധാരമുൾപ്പെടെ കൈവശപ്പെടുത്തി. ലോൺ സംഘടിപ്പിച്ചു നൽകുന്നതിനുള്ള കമ്മിഷൻ എട്ടുലക്ഷമായി നിശ്ചയിക്കുകയും ചെയ്തു.
ഇതിൽ ഒരുലക്ഷം ആദ്യം നൽകി. പിന്നീട് മൂന്നുലക്ഷവും നൽകി. എന്നിട്ടും ലോൺ ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ പണവും രേഖകളും തിരിച്ചുനൽകുകയോ ചെയ്തില്ല. ഇതേക്കുറിച്ച് സംസാരിക്കാനായി ഇവരെ തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഒക്ടോബറിലായിരുന്നു ഇത്. രാത്രിയിലെത്തിയ ഇവർക്ക് നഗരത്തിലെ ലോഡ്ജിൽ താമസം ഒരുക്കുകയും ചെയ്തു. ഇവിടെ വെച്ച് തോർത്തുമുണ്ടുകൊണ്ട് കൈകൾ കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്നു രാവിലെയാണ് സ്വതന്ത്രയാക്കിയത്.
പുറത്തുപറഞ്ഞാൽ ആധാരവും പണവും നൽകില്ലെന്നു പറഞ്ഞ് ലെനിൻ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ സംഭവം നടന്ന ഉടൻ പരാതി നൽകിയില്ല. പിന്നീട് കോഴിക്കോട്ടെ പോലീസ് സ്റ്റേഷനിലാണ് ഇവർ പരാതിയുമായി എത്തിയത്. തുടർന്ന് കേസ് സംഭവം നടന്ന തൃശ്ശൂരിലേക്ക് മാറ്റുകയായിരുന്നു.