ഇന്ദോർ: വിവിധ രാജ്യങ്ങളിൽ നിന്ന് നാല് ഡോസ് വാക്സിൻ സ്വീകരിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ദോർ വിമാനത്താവളത്തിൽ ദുബൈ യാത്രക്കെത്തിയ 30കാരിക്കാണ് രോഗബാധ. ഇവരെ എയർപോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഇന്ദോർ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ അറിയിച്ചു. 12 ദിവസം മുമ്പ് സ്വകാര്യ ചടങ്ങിനായാണ് ഇവർ ഇന്ദോറിലെത്തിയത്. പിന്നീട് ദുബൈയിലേക്ക് മടങ്ങുന്നതിനിടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിമാനത്തിൽ കയറാൻ അനുവദിക്കാതെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.
ഫൈസറും സിനോഫോമും ഉൾപ്പടെ നാല് ഡോസ് കോവിഡ് വാക്സിൻ യുവതി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. നേരത്തെ ബൂസ്റ്റർ ഡോസ് ഉൾപ്പടെ മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.അതേസമയം രാജ്യത്ത് കോവിഡിന്‍റെ ഒമിക്രോൺ വകഭേദം അതിവേഗം പടരുകയാണ്. 966 പേർക്ക് ഇതുവരെ ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വർധനിച്ചതോടെ രാത്രി കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ പല സംസ്ഥാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.