കോടതിയിൽ വന്നു കഴിഞ്ഞാൽ വനിതാ അഭിഭാഷകർ അവരുടെ മുടി ശരിയാക്കുന്നത് നിർത്തണമെന്ന് പൂനെ ജില്ലാ കോടതിയുടെ നോട്ടീസ്. വനിതാ അഭിഭാഷകർ ഇങ്ങനെ മുടി ശരിയാക്കുന്നത് കോടതി നടപടികളെ ബാധിക്കുന്നു എന്ന് കാണിച്ചാണ് അങ്ങനെ ചെയ്യരുത് എന്ന് കോടതി നോട്ടീസ് ഇട്ടിരിക്കുന്നത്.
ഒക്ടോബർ ഇരുപതിനാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകയായ ഇന്ദിര ജയ്സിംഗ് നോട്ടീസിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചതോടെ ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
‘വനിതാ അഭിഭാഷകർ ഓപ്പൺ കോർട്ടിൽ നിരന്തരമായി അവരുടെ മുടി ശരിയാക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. അതിനാൽ, വനിതാ അഭിഭാഷകർ അത്തരം പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കണം എന്ന് അറിയിക്കുന്നു’ എന്നായിരുന്നു നോട്ടീസിൽ എഴുതിയിരുന്നത്.
ഞായറാഴ്ച വൈകുന്നേരമാണ് ഇന്ദിരാ ജയ്സിംഗ് നോട്ടീസിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ‘നോക്കൂ, ആരെല്ലാമാണ് വനിതാ അഭിഭാഷകർ കാരണം ശ്രദ്ധ വ്യതിചലിക്കുന്നവരാകുന്നത്, എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് ജയ്സിംഗ് ചിത്രം പങ്ക് വച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചത്. ‘ഇത് തീർത്തും അസംബന്ധമായ അറിയിപ്പ് തന്നെ. പുരുഷാധിപത്യത്തിന്റെ വ്യാപ്തി നോക്കൂ എത്ര പരിഹാസ്യം’ എന്നാണ് മുതിർന്ന കോളമിസ്റ്റ് രഞ്ജോന ബാനർജി പ്രതികരിച്ചത്. ‘ഇന്ന് അവർക്ക് ഇങ്ങനെ ബുദ്ധിമുട്ട് തോന്നുന്നു എങ്കിൽ നാളെ അവർ വനിതാ അഭിഭാഷകരെ തന്നെ നിരോധിക്കുമോ, അതോ ശിരോവസ്ത്രം ധരിച്ചു വരാൻ ആവശ്യപ്പെടുമോ’ എന്നാണ് മറ്റൊരാൾ കുറിച്ചത്. മറ്റൊരാൾ, ‘പുരുഷന്മാർ എപ്പോഴും കോടതി മുറിയിൽ അവരുടെ മുടി ശരിയാക്കാറുണ്ടല്ലോ’ എന്നാണ് പ്രതികരിച്ചത്. സമാനമായി പലരും നോട്ടീസിനോട് പ്രതികരിച്ചു.
ഏതായാലും പല ഭാഗത്തുനിന്നും രൂക്ഷമായ വിമർശനം വന്നതോട് കൂടി പ്രസ്തുത നോട്ടീസ് പിൻവലിച്ചിട്ടുണ്ട്. രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്, ‘കോടതി മുറിയിൽ യോഗ്യമായ പെരുമാറ്റം നിലനിർത്തുക എന്നത് മാത്രമേ നോട്ടീസ് കൊണ്ട് ഉദ്ദേശിച്ചുള്ളൂ, വിവാദം ഒഴിവാക്കുന്നതിന് വേണ്ടി ആ നോട്ടീസ് പിൻവലിച്ചിട്ടുണ്ട്’ എന്നാണ്.
എന്നാൽ, പൂനെയിലെ ബാർ അസോസിയേഷനോ ലീഗൽ അതോറിറ്റിയോ സംഭവത്തിൽ ഇതുവരെ തങ്ങളുടെ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല.