കൊല്ലം: വയറുവേദനയ്ക്ക് ആശുപത്രിയിലെത്തിയ 47കാരി ഇന്ന് ജീവിക്കുന്നത് ദുരിതകയത്തില്‍. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയാണ്
ഗര്‍ഭാശയം നീക്കം ചെയ്തതിന് പിന്നാലെ വേദനകള്‍ കൊണ്ട് നീറിക്കഴിയുന്നത്. ഒന്നും രണ്ടുമല്ല ഏഴ് തവണയാണ് ശസ്ത്രക്രിയ്ക്ക് വിധേയയായത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരിതത്തിന് കാരണം. ഷീബയുടെ അവസ്ഥ കെബി ഗണേഷ്കുമാര് എംഎല്‍എ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. 7 ശസ്ത്രക്രിയകള്‍ക്ക് വിധേയമാകേണ്ടി വന്നതോടെ എഴുന്നേല്ക്കാന് പോലുമാകാതെ വേദന സഹിക്കുകയാണ് യുവതി.
വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഷീബയുടെ ഗര്‍ഭാശയത്തില്‍ മുഴ കണ്ടെത്തിയത്. തുടര്‍ന്ന് ഗര്‍ഭാശയം നീക്കം ചെയ്യാന്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ഒന്നര മാസത്തിന് ശേഷം കൊല്ലം ജില്ലാ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാല്‍ വേദനക്ക് ശമാനമുണ്ടായില്ല. ഇതോടെ പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സക്കായി ചെന്നെങ്കിലും അവഗണിച്ചെന്നും ശസ്ത്രക്രിയ നടത്തിയ ഭാഗം ഒന്നു തുന്നിക്കെട്ടാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ഷീബ ആരോപിക്കുന്നു. ചികിത്സാ പിഴവിനെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നാണ് ഷീബ പറയുന്നത്.