കോഴിക്കോട് : ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്‍റിന് എതിരായ സമരം ഏറ്റെടുത്ത് സ്ത്രീകള്‍(women) . ആവിക്കലില്‍ വനിത സമര സംഗമം സംഘടിപ്പിച്ചാണ് പ്രദേശവാസികളായ സ്ത്രീകള്‍ പ്ലാന്‍റിനെതിരായ സമരത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നത്. സമരത്തിന് ആവേശമായി കെ കെ രമയും യു ഡി എഫും പിന്തുണയോടെ സമരം ശക്തിപ്പെടുത്തി സമരക്കാര്‍. ആവിക്കലെന്ന തീരപ്രദേശത്ത് താമസിക്കുന്ന സാധാരണ കുടുംബങ്ങളിലെ നൂറിലേറെ സ്ത്രീകളാണ് സംഗമത്തിനെത്തിയത്. മലിനജല സംസ്കരണ പ്ലാന്‍റ് നിത്യജീവിതത്തില്‍ ദുരിതം ഉണ്ടാക്കുന്നതിന്‍റെ ആശങ്കയിലാണ് ഇവര്‍. പ്രദേശത്തെ കൗണ്‍സിലര്‍, മുന്‍ കൗണ്‍സിലര്‍മാര്‍ എല്ലാവരും ഇവര്‍ക്ക് പിന്തുണയായി എത്തി. ഒപ്പം യുഡിഎഫ് എം എല്‍ എമാരായ വി ടി ബല്‍റാം , കെ കെ രമ എന്നിവരും സമരത്തിന് ഐക്യദാർഢ്യവുമായി സംഗമ വേദിയില്‍ വന്നു.
കോര്‍പറേഷനില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മലിനജല പ്ലാന്‍റ് ജനവാസ മേഖലയായ ആവിക്കലില്‍ സ്ഥാപിക്കുന്നതിനെ എതിര്‍ത്തിരുന്നെന്ന് സംഗമത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍ സൗഫിയ അനീഷ് വ്യക്തമാക്കി. സര്‍ക്കാര്‍ ഈ വിഷയം പരിഹരിക്കാന്‍ ഇടപെടണമെന്ന് ചടങ്ങില്‍ പങ്കെടുത്ത യുഡിഎഫ് എം.എല്‍.എ മാരും ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും എം.എല്‍എമാര്‍ അഭിപ്രായപ്പെട്ടു.
ആവിക്കൽ പ്ലാന്‍റ് ജന ജീവിതത്തിനോ പരിസ്ഥിതിക്കോ ആഘാതം ഉണ്ടാക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ സഭയിൽ പറഞ്ഞിരുന്നു.പ്രതിഷേധത്തിന് പിന്നിൽ എസ് ഡി പി ഐ , ജമാഅത്തെ ഇസ്ളാമി പ്രവർത്തകരാണെന്നാണ് മന്ത്രി എം വി ഗോവിന്ദൻ അന്ന് പറഞ്ഞത്. മാർച്ചിന് മുൻപ് പദ്ധതി നടപ്പാക്കിയില്ലെങ്കിൽ തുക ലാപ്സാകും.ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആവിക്കൽ മോഡൽ പ്ലാന്‍റ് സംസ്ഥാനത്ത് പലയിടത്തും സ്ഥാപിച്ചു വരുന്നു.മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സമാന പ്ലാന്‍റ് തുടങ്ങി: അവിടെ ഒരു മാലിനികരണവും ഇല്ല.ജനങ്ങൾ പ്ലാന്‍റ് കാണാൻ വരുന്ന സ്ഥിതി ആണ്.സർവ്വകക്ഷി യോഗം ചേർന്നാണ് ആവിക്കലിൽ പ്ലാന്‍റ് തുടങ്ങാൻ തീരുമാനം എടുത്തത്.ജനങ്ങളുടെ ആശങ്ക പരിഗണിക്കും.എല്ലാ വിഭാഗം ആളുകളുടേയും പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ജനങ്ങൾ തിങ്ങി കഴിയുന്ന പ്രദേശമാണ്. പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് പറയുന്നു. സമരക്കാരെ തീവ്രവാദികൾ എന്നു പറയുന്നത് എന്ത് അർത്ഥത്തിലാണ് ? കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്നു പറയാൻ മുഖ്യമന്ത്രിക്കു ലജ്ജയില്ലേ?ജനങ്ങളുടെ നെഞ്ചത്തു കയറി പ്ലാന്റ് കൊണ്ട് വരാൻ കഴിയില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.
ഇതിന് പിന്നാലെയാണ് സമരത്തിന് പിന്നില്‍ അര്‍ബന്‍ മാവോയിസ്റ്റുകളെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയത്. സമരപന്തലിന് സമീപത്ത് നിന്ന് മൂന്ന് പേരെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തിലായിരുന്നു ദേശീയ തലത്തില്‍ ബിജെപി ഉന്നയിച്ചുവരുന്ന അതേ പ്രയോഗം ഏറ്റെടുത്തുളള പി മോഹനന്‍റെ ആരോപണം.
സമരസ്ഥലത്ത് നിന്ന് പിടികൂടിയ മൂന്ന് പേർക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പൊലീസും പറയുന്നത്. എന്നാൽ മാലിന്യ പ്ലാന്‍റിനെതിരായ സമരം പൊളിക്കാൻ സിപിഎമ്മും പൊലീസും ചേർന്ന് നടത്തുന്ന നാടകമാണ് മാവോയിസ്റ്റ് ആരോപണമെന്നാണ് സമരസമിതി പറയുന്നത്. സമരസ്ഥലത്ത് നിന്ന് പിടികൂടിയവരെ അറിയില്ലെന്നും സമരസമിതി പറഞ്ഞു. സി പി നഹാസ്, ഷനീർ, ഭഗത് ദിൻ എന്നിവരെയാണ് വെള്ളയിൽ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. സമരസമിതി തങ്ങളെ ക്ഷണിച്ചിട്ടില്ല, ചിത്രങ്ങൾ പകർത്താനും മറ്റുമായി എത്തിയതെന്നാണ് ഇവർ മൊഴി നൽകിയത്. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ആവിക്കല്‍ തോടിലെ ജനവാസ മേഖലയില്‍ മലിനജല സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരെ ഒരു മാസത്തോളമായി സമീപവാസികള്‍ സമരത്തിലാണ്. മണ്ണ് പരിശോധന ഉൾപ്പടെയുളള പ്രാഥമിക ജോലികള്‍ പ്രക്ഷോഭകരുടെ ചെറുത്ത് നില്‍പ്പിനിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇനി ഉദ്യോഗസ്ഥരും തൊഴിലാളികളും പദ്ധതി പ്രദേശത്തേക്ക് നേരിട്ട് ഉടനെത്തില്ല. പ്ലാൻ തയ്യാറാക്കി നിർമാണഘട്ടത്തിലേക്ക് നീങ്ങാനുളള രേഖകള്‍ തയ്യാറാക്കുന്ന നടപടികളിലേക്ക് കോര്‍പറേഷന്‍ കടന്നു. സമാനമായ പദ്ധതി കോതിയിലും കോര്‍പറേഷൻ തുടങ്ങും. ഇതിന്‍റെ പ്രാരംഭ ജോലികൾ ഉടൻ തുടങ്ങാനിരിക്കുകയാണ്. എന്നാല്‍ ഇതുള്‍പ്പടെ കല്ലായി പുഴയോരത്ത് സ്ഥാപിക്കുന്ന പദ്ധതിക്കെതിരെയും ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.