ബെംഗളൂരു : ഹിജാബ് വിഷയത്തിലെ വാദപ്രതിവാദങ്ങൾക്കിടെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ രേണുകാചാര്യ. സ്ത്രീകളുടെ വസ്ത്രധാരണമാണു പീഡനങ്ങൾക്കു വഴിവെയ്ക്കുന്നതെന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായ രേണുകാചാര്യ പറഞ്ഞു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനു മറുപടിയായാണിത്. ബിക്കിനിയായാലും ഘൂൺഘട്ടായാലും (മുഖംമറ), ജീൻസായാലും ഹിജാബായാലും എന്തു ധരിക്കണമെന്നു തീരുമാനിക്കുന്നത് സ്ത്രീകളുടെ അവകാശമാണെന്നാണു പ്രിയങ്കയുടെ ട്വീറ്റ്. കോളജിൽ പഠിക്കുന്ന കുട്ടികൾ ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കേണ്ടതുണ്ട്. ഇങ്ങനെയല്ലാത്ത വസ്ത്രധാരണമാണ് പുരുഷന്മാരെ പ്രകോപിപ്പിക്കുന്നതും പീഡനങ്ങൾക്കു വഴിവെയ്ക്കുന്നതും. ഇതു ശരിയല്ല. രാജ്യത്ത് സ്ത്രീകൾക്കു വലിയ ആദരവാണു ലഭിക്കുന്നത്. ബിക്കിനി ധരിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ല. പ്രിയങ്ക ഇറ്റലിയുടെ സംസ്കാരമാണു നമ്മെ പഠിപ്പിക്കുന്നതെന്നും രേണുകാചാര്യ പറഞ്ഞു.