വിചിത്രമായ പല വിശ്വാസങ്ങളും ആചാരങ്ങളും നൂറ്റാണ്ടുകളായി ലോകത്ത് നടക്കുന്നുണ്ട്. നിയമം മൂലം ഇത്തരത്തിലുള്ള പല ആചാരങ്ങളും ഓരോ രാജ്യങ്ങളും നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും പലയിടങ്ങളിലും അതീവ രഹസ്യമായി ഇത്തരം ആചാരങ്ങൾ നടത്താറുണ്ട്. ഗോത്ര സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഈ ആചാരങ്ങൾ ഒക്കെയും അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അത്രമാത്രം പ്രാധാന്യത്തോടെയാണ് ഇവയൊക്കെയും അവർ അനുഷ്ഠിച്ചു പോരുന്നത്.
ഇന്തോനേഷ്യയിലെ ഡാനി ഗോത്രത്തിലും ഇത്തരത്തിലുള്ള ഒരു ആചാരമുണ്ട്. പ്രിയപ്പെട്ടവരുടെ മരണശേഷം ഡാനി ഗോത്ര വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ അവരുടെ വിരലുകൾ മുറിക്കണം എന്നതാണ് ഏറെ വിചിത്രമായ ഈ ആചാരം. ഗോത്ര സമൂഹത്തിൻറെ വിശ്വാസത്തിൻറെ ഭാഗമാണ് ഇക്കിപാലിൻ എന്ന് വിളിക്കുന്ന ഈ ആചാരം.
ഇന്തോനേഷ്യയിലെ ജയവിജയ പ്രവിശ്യയിലെ വാമിൻ നഗരത്തിലാണ് ഡാനി ഗോത്രക്കാർ താമസിക്കുന്നത്. ഇവർക്കിടയിൽ ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഇക്കിപാലിൻ എന്ന ആചാരം ഇന്തോനേഷ്യൻ സർക്കാർ വർഷങ്ങൾക്ക് മുമ്പ് നിരോധിച്ചിരുന്നു. എന്നാൽ പ്രായമായ സ്ത്രീകളുടെ വിരൽത്തുമ്പിൽ നോക്കിയാൽ അവർ ഇപ്പോഴും അത് പിന്തുടരുന്നുവെന്ന് പറയാനാകും. അതീവ രഹസ്യമായി ഇന്നും ഇവർ ഈ വിശ്വാസം തുടരുന്നു.
ആരെങ്കിലും മരിക്കുമ്പോൾ, ആ കുടുംബത്തിലെ സ്ത്രീ മരിച്ച ആത്മാവിന് ശാന്തി നൽകുന്നതിനായി അവളുടെ വിരലുകൾ മുറിക്കുന്നു എന്നാണ് ഗോത്രത്തിലെ ജനങ്ങൾ വിശ്വസിക്കുന്നത്. വിരലിന്റെ മുകൾഭാഗം മുറിക്കാൻ സാധാരണയായി ഒരു കല്ല് ബ്ലേഡ് ഉപയോഗിക്കുന്നു. ചില സന്ദർഭങ്ങളിൽ, ബ്ലേഡ് ഇല്ലാതെ വിരൽ മുറിക്കുന്നു. ആളുകൾ വിരൽ ചവച്ച ശേഷം അവിടെ ഒരു ചെറിയ നൂൽ മുറുകെ കെട്ടുന്നു, ഇത് രക്തചംക്രമണം നിർത്തുന്നു. നൂൽ കെട്ടിക്കഴിഞ്ഞാൽ രക്തത്തിന്റെയും ഓക്‌സിജന്റെയും കുറവുണ്ടാകുമ്പോൾ വിരൽ താനേ വീഴും. മുറിച്ച വിരൽ ഒന്നുകിൽ കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യും. പക്ഷേ, എന്തുകൊണ്ടാണ് ഈ ആചാരം ചെയ്യാൻ സ്ത്രീകളെ തന്നെ തിരഞ്ഞെടുത്തത് എന്ന കാര്യം വ്യക്തമല്ല.