ദില്ലി : പൂർണ തോതിലുള്ള വനിതാ ഐപിഎൽ ഉടൻ തുടങ്ങുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. അതിനുള്ള ഒരുക്കങ്ങളെല്ലാം ബിസിസിഐ നടത്തുന്നുണ്ടെന്നും ആരാധകരുടെയും താരങ്ങളുടെയും താത്പര്യം ഇതിനു ശക്തി പകർന്നിട്ടുണ്ടെന്നും ജയ് ഷാ പറഞ്ഞു. വരുന്ന സീസൺ മുതൽ വനിതാ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും അറിയിച്ചിരുന്നു.
ഐപിഎൽ പോലെ ഒരു വനിതാ ടി-20 ലീഗ് നടത്താനുള്ള ശ്രമങ്ങൾ ബിസിസിഐ നടത്തുന്നുണ്ട്. ആരാധരും താരങ്ങളും വനിതാ ടി-20 ചലഞ്ചിനോട് കാണിക്കുന്ന താത്പര്യം ഇതിനു ശക്തി പകർന്നിട്ടുണ്ട്.”- ജയ് ഷാ പറഞ്ഞു. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താൻ എന്നീ ടീമുകൾ ഉൾക്കൊള്ളുന്ന ചതുർരാഷ്ട്ര ടൂർണമെൻ്റ് എന്ന പിസിബിയുടെ ആശയം ഹ്രസ്വകാല വാണിജ്യാശയമാണെന്നും ജയ് ഷാ പറഞ്ഞു. അത്തരം ആശയങ്ങൾക്ക് പകരം ടെസ്റ്റ് മത്സരങ്ങൾ പ്രാധാന്യം നൽകി ക്രിക്കറ്റിനെ വ്യാപിപ്പിക്കാനാണ് ശ്രമം. ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുന്നതിനായി കാത്തിരിക്കുകയാണ് എന്നും ജയ് ഷാ വ്യക്തമാക്കി. അതേസമയം വനിതാ ടി-20 ചലഞ്ച് ഇക്കൊല്ലം നടക്കുമെന്ന് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ടി-20 ചലഞ്ച് ഒഴിവാക്കിയിരുന്നു. എന്നാൽ ഇക്കൊല്ലം പ്ലേ ഓഫുകളുടെ സമയത്ത് ടി-20 ചലഞ്ച് നടക്കും.