ബംഗലൂരു: അടുത്ത മാസം തുടങ്ങുന്ന വനിതാ ഐപിഎല്ലിലെ താരലേലത്തില്‍ മികച്ച നേട്ടം കൊയ്തതിന് പിന്നാല വീണ്ടും ആരാധകരെ ഞെട്ടിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(ആര്‍സിബി). പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയെ വനിതാ ഐപിഎല്ലില്‍ ഉപദേശകയായി നിയമിച്ചാണ് ആര്‍സിബി ആരാധകരെ ഞെട്ടിച്ചത്. ട്വിറ്ററിലൂടെയാണ് സാനിയയയെ ടീമിന്‍റെ മെന്‍ററായി നിയമിച്ച കാര്യം ആര്‍സിബി അറിയിച്ചത്.
ഇന്ത്യയുടെ വനിതാ കായിക താരങ്ങളില്‍ മുന്‍നിരയിലുള്ള സാനിയ യവതാരങ്ങള്‍ക്ക് പ്രചോദനവും, കരിയറിൽ ഉടനീളം പ്രതിബന്ധങ്ങളെ ഭേദിച്ച് മുന്നേറിയ താരങ്ങളിലൊരാളുമാണെന്ന് ആര്‍സിബി ട്വീറ്റില്‍ പറയുന്നു. കളിക്കളത്തിലും പുറത്തും യഥാര്‍ത്ഥ ചാമ്പ്യനായ സാനിയയെ ആര്‍സിബി വനിതാ ക്രിക്കറ്റ് ടീമിന്‍റെ ഉപദേശകയായി സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ആര്‍സിബി ട്വീറ്റില്‍ വ്യക്തമാക്കി.
ആര്‍സിബിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും എന്നാല്‍ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്‍റെ ആവേശത്തിലാണ് താനെന്നും സാനിയ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി കായികരംഗത്ത് തുടരുന്നയാളാണ് ഞാന്‍. സ്പോര്‍ട്സ് ഒരു കരിയറായി തെരഞ്ഞെടുക്കാനാവുമെന്ന് വളര്‍ന്നുവരുന്ന വനിതാ താരങ്ങളെ വിശ്വസിപ്പിക്കാന്‍ എനിക്കാവും. കളിക്കിടയിലെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. ആര്‍സിബിയുടെ യുവതാരങ്ങളെ അക്കാര്യത്തില്‍ സഹായിക്കാന്‍ തനിക്കാവുമെന്നും സാനിയ പറഞ്ഞു.
ക്രിക്കറ്റിനും ടെന്നീസിനും ഒരുപാട് സാമ്യതകളുണ്ട്. ഓരോ കായികതാരവും കളിക്കളത്തില്‍ നേരിടുന്ന സമ്മര്‍ദ്ദം ഒരുപോലെയാണ്. അത് കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് പ്രധാനം. സമ്മര്‍ദ്ദമെന്നത് ഒരു അനുകൂലഘടകം കൂടിയാണ്. അതിനെ ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് കളിക്കളത്തില്‍ തിളങ്ങാനാവില്ല. ഏറ്റവും മികച്ച രീതിയല്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ചാമ്പ്യന്‍മാരെന്നും സാനിയ ആര്‍സിബി പങ്കുവെച്ച വീഡിയോയയില്‍ പറയുന്നു.
തിങ്കളാഴ്ച നടന്ന പ്രഥമ വനിതാ ഐപിഎല്‍ താരലേത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാനയെ വന്‍തുക മുടക്കി ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു. 3.4 കോടി രൂപ നല്‍കി സ്മൃതിയെ സ്വന്തമാക്കിയ ബാംഗ്ലൂര്‍ പിന്നാലെ സൂപ്പര്‍ താരങ്ങളായ സോഫി ഡിവൈന്‍, എല്‍സി പെറി, രേണുകാ സിംഗ്, റിച്ചാ ഘോഷ് എന്നിവരെയും സ്വന്തമാക്കി.
മുംബൈയാണ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് വേദിയാവുന്നത്. 11 മത്സരങ്ങള്‍ക്ക് വീതം ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും ബ്രബോണ്‍ സ്റ്റേഡിയവും വേദിയാവും. മാര്‍ച്ച് 21-ാം തിയതി ബ്രബോണില്‍ യുപി വാരിയേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് അവസാന ലീഗ് മത്സരം. 24-ാം തിയതി ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ എലിമിനേറ്റര്‍ നടക്കും. ബ്രബോണ്‍ സ്റ്റേഡിയത്തില്‍ 26-ാം തിയതിയാണ് കലാശപ്പോര്.