പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷ. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന റോഡുകളെല്ലാം ബാരികേഡുകള്‍ ഉപയോഗിച്ച് അടച്ചു. ജന്തര്‍മന്ദറില്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പിഐബി കാര്‍ഡുള്ള മാധ്യമങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാവിലെ 11.30നാണ് ജന്തര്‍ മന്ദിറില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗുസ്തി താരങ്ങള്‍ മാര്‍ച്ച് നടത്തുക. ലൈംഗിക അതിക്രമ പരാതിയില്‍ ബ്രിജ് ഭൂഷനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം തുടരുന്നത്. തിക്രു, ഗാസിപ്പൂര്‍, സിംഘു അതിര്‍ത്തികൡ നിന്നും ഡല്‍ഹിയ്ക്ക് അകത്തേക്കും മാര്‍ച്ച് നടത്തുമെന്നാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്.
മഹിളാ മഹാ പഞ്ചായത്തിന്റെ ഭാഗമായ നിരവധി കര്‍ഷക നേതാക്കള്‍ ഇതിനോടകം പൊലീസ് കസ്റ്റഡിയിലായി. ബികെയു ഹരിയാന അധ്യക്ഷന്‍ ഗുര്‍നാം സിംഗ് ചതുണി യെ പോലീസ് വീട്ടില്‍ തടഞ്ഞു വച്ചിരിക്കുകയാണ്. ആനിരാജ ഉള്‍പ്പെടെയുള്ള ദേശീയ മഹിളാ ഫെഡറേഷന്‍ അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ പാര്‍പ്പിക്കാനായി ഡല്‍ഹി പൊലീസ് താത്ക്കാലിക ജയില്‍ തുറന്നു. ഔട്ടര്‍ ഡല്‍ഹിയില്‍ ഓള്‍ഡ് ഭവാനിയിലെ എംസിഡി സ്‌കൂളാണ് താല്‍ക്കാലിക ജയിലാക്കി മാറ്റിയത്.