ഇംഗ്ലണ്ട് : വനിതാ ലോകകപ്പിൽ വിൻഡീസിന് തുടർച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെ 7 റൺസിനാണ് വിൻഡീസ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 225 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 47.4 ഓവറിൽ 218 റൺസിന് ഓൾഔട്ടായി. 35 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിൽ പരാജയം ഉറപ്പിച്ചിരുന്ന ഇംഗ്ലണ്ടിനെ സോഫി എക്ലസ്റ്റണും കേറ്റ് ക്രോസും തമ്മിലുള്ള 9ആം വിക്കറ്റ് കൂട്ടുകെട്ടാണ് ജയത്തിനരികെ എത്തിച്ചത്. വിൻഡീസിനായി 66 റൺസെടുത്ത് ടോപ്പ് സ്കോററായ ഷെമൈൻ കാംപ്ബെൽ ആണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനായി ദേന്ദ്ര ഡോട്ടിനും ഹെയ്ലി മാത്യൂസും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 81 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവിൽ ഹെയ്ലി മാത്യൂസ് (45) മടങ്ങി.
പിന്നാലെ ഡോട്ടിൻ (31) റണ്ണൗട്ടായി. കൈസിയ നൈറ്റ് (6), സ്റ്റെഫാനി ടെയ്‌ലർ (0) എന്നിവരെ വേഗം നഷ്ടമായ വിൻഡീസ് 4 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലേക്ക് വീണു. അഞ്ചാം വിക്കറ്റിൽ ഷെമൈൻ കാംപ്ബെലും ചെഡീൻ നേഷനും ചേർന്ന കൂട്ടുകെട്ടാണ് അവരെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 123 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ കാംപ്ബെൽ (66) മടങ്ങി. നേഷൻ (49) പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകർച്ച നേരിട്ടു. ലോറൻ വിൻഫീൽഡ് ഹിൽ (12), ഹെതർ നൈറ്റ് (5), നതാലി സിവർ (2), ഏമി ജോൺസ് (1) എന്നിവരൊക്കെ വേഗം മടങ്ങിയപ്പോൾ ഓപ്പണിംഗിൽ തമി ബ്യൂമോണ്ട് (46) മികച്ച പ്രകടനം നടത്തി. 25.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് എന്ന നിലയിലേക്ക് തകർന്ന ഇംഗ്ലണ്ടിനെ ആറാം വിക്കറ്റിൽ സോഫിയ ഡങ്ക്‌ലിയും (38) ഡാനിയൽ വ്യാട്ടും (33) ചേർന്ന് തകർച്ചയിൽ നിന്ന് രക്ഷിച്ചു.
എന്നാൽ, ഡങ്ക്‌ലി പുറത്തായതോടെ വീണ്ടും ഒരു തകർച്ച നേരിട്ട ഇംഗ്ലണ്ടിന് ഒൻപതാം വിക്കറ്റിൽ സോഫി എക്ലസ്റ്റണും കേറ്റ് ക്രോസും ചേർന്ന് വീണ്ടും പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് ഉയർത്തിയ 61 റൺസിൻ്റെ കൂട്ടുകെട്ട് വിൻഡീസിനെതിരെ ഇംഗ്ലണ്ടിൻ്റെ ഏറ്റവും ഉയർന്ന 9ആം വിക്കറ്റ് കൂട്ടുകെട്ടാണ്. എന്നാൽ, 48ആം ഓവറിലെ ആദ്യ പന്തിൽ കേറ്റ് ക്രോസിനെ (27) റണ്ണൗട്ടാക്കിയ അനീസ മുഹമ്മദ് നാലാം പന്തിൽ ആന്യ ശ്രബ്സോളിൻ്റെ കുറ്റി പിഴുത് വിൻഡീസിനെ രണ്ടാം ജയത്തിലെത്തിച്ചു. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച വിൻഡീസ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ആദ്യ മത്സരത്തിൽ ആതിഥേയരായ ന്യൂസീലൻഡിനെയാണ് വിൻഡീസ് കീഴടക്കിയത്. ഇംഗ്ലണ്ട് ആവട്ടെ ആദ്യ മത്സരത്തിൽ ഓസീസിനോട് പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട അവർ പട്ടികയിൽ ആറാമതാണ്.