ഒരു കീട നിയന്ത്രണ കമ്പനിയുടെ നടത്തിപ്പുകാരനാണ് നിക്ക് കാസ്ട്രോ. 20 വർഷമായി അദ്ദേഹം ഈ രംഗത്തുണ്ട്. എന്നാൽ, ഇത്രയും വർഷമായിട്ടും കാണാത്ത ഒരു സംഭവത്തിന് നിക്ക് ഇതിനിടെ സാക്ഷ്യം വഹിച്ചു. എന്താണെന്നോ? ഒരു വീടിന്റെ ഭിത്തിക്കുള്ളിൽ നിക്ക് കണ്ടെത്തിയത് 317 കിലോ എക്കോൺ കായകളാണ്. അതെല്ലാം അവിടെ കൊണ്ടുവച്ചതാരാണ് എന്നോ? മരംകൊത്തികൾ.
കാലിഫോർണിയയിലെ ഒരു വീട്ടുകാരാണ് നിക്കിനെ വിളിക്കുന്നത്. വീട്ടിനുള്ളിൽ സ്ഥിരമായി പുഴുക്കളെ കാണുന്നു എന്നും അവയെ എങ്ങനെയെങ്കിലും തുരത്തിത്തരണം എന്നും പറഞ്ഞാണ് കുടുംബം നിക്കിനെ സമീപിച്ചത്. ഏതായാലും വിളിയെ തുടർന്ന് നിക്ക് ആ വീട്ടിൽ എത്തുകയും ചെയ്തു. സ്ഥിരമായി പുഴുക്കൾ ഉണ്ടാകണമെങ്കിൽ ഏതെങ്കിലും ജീവികൾ ചത്തിട്ടുണ്ടാകും എന്നാണ് നിക്ക് കരുതിയത്. അതുകൊണ്ട് തന്നെ ഭിത്തിയിൽ വിടവുണ്ടാക്കി അത് പരിശോധിക്കുകയായിരുന്നു പിന്നീട് ചെയ്തത്.
ഭിത്തി തുരന്നപ്പോഴാണ് അതിന്റെ അകത്ത് നിന്നും എക്കോൺ കായകൾ തുരുതുരാ നിലത്ത് വീഴാൻ തുടങ്ങിയത്. ഇത് കണ്ട നിക്ക് അമ്പരന്ന് പോയി. ഏതായാലും പുഴുക്കൾ എവിടെ നിന്നുമാണ് വരുന്നത് എന്നും നിക്ക് തിരിച്ചറിഞ്ഞു. ഈ കായകളിൽ നിന്നാണ് പുഴുക്കൾ വരുന്നത്. പിന്നെ, എക്കോൺ കായകൾ പുറത്തെടുക്കലായി പണി. ഇപ്പോൾ തീരും ഇപ്പോൾ തീരും എന്ന് പ്രതീക്ഷിച്ചെങ്കിലും കിലോക്കണക്കിന് കായകളാണ് ഭിത്തിക്ക് അകത്തുണ്ടായത്.
വിവിധ കവറുകളിലായി അവ എടുത്തുവച്ചു. കേട്ടാൽ, അമ്പരപ്പ് തോന്നുമെങ്കിലും 317 കിലോ എക്കോൺ കായകളാണ് മരംകൊത്തികൾ ഭിത്തിക്കകത്ത് സൂക്ഷിച്ച് വച്ചിരുന്നത്. എക്കോൺ മരംകൊത്തികളാണ് ഈ കായകൾ സൂക്ഷിച്ച് വച്ചിരുന്നത്. സാധാരണയായി വലിയ മരത്തിന്റെ പൊത്തിലും ഭിത്തിയുടെ വിടവിലും എല്ലാം ഇവ കായകൾ സൂക്ഷിച്ച് വയ്ക്കാറുണ്ട്. ഒരേ സ്ഥലത്ത് തന്നെ ഒരുപാട് കാലം സൂക്ഷിച്ചത് കൊണ്ടായിരിക്കാം ഇത്രയധികം കായകൾ ഇവിടെ ഉണ്ടായത് എന്നും നിക്ക് പറഞ്ഞു.