ആലപ്പുഴ: വ്യാജ ബിരുദങ്ങൾ കാട്ടി ഉയർന്ന തസ്‌തികയിൽ ജോലി തരപ്പെടുത്തിയ ആലപ്പുഴ സഹകരണ സ്‌പിന്നിങ് മില്ലിലെ മുൻ മാനേജർക്ക് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. വ്യാജ ബിരുദങ്ങൾ കാട്ടി ഉയർന്ന തസ്‌തികയിൽ ജോലി തരപ്പെടുത്തിയ ആലപ്പുഴ സഹകരണ സ്‌പിന്നിങ് മില്ലിലെ മുൻ മാനേജർ ആർ ജയ്കൃഷ്‌ണൻ നായർക്കാണ് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. ഹരിപ്പാട് ഫസ്‌റ്റ് ക്ലാസ് ജ്യുഡീഷ്യൽ മജിസ്‌ട്രേറ്റ് എം ജി രാകേഷിന്റെതാണ് വിധി.
ആലപ്പുഴ സഹകരണ സ്‌പിന്നിങ് മിൽ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിതനായ ശേഷം സ്ഥിരപ്പെടാൻ വ്യാജ ബിബിഎ, എംബിഎ ബിരുദങ്ങൾ സമർപ്പിക്കുകയായിരുന്നു. ഇതു കണ്ടെത്തിയതിനെ തുടർന്ന് മില്ലിന്റെ രജിസ്ട്രാർ കൂടിയായ കൈത്തറി ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്‌ടർ 2014ൽ ഇയാൾക്കെതിരെ വഞ്ചനാകുറ്റത്തിന് കേസുകൊടുത്തു. പബ്ലിക് പ്രോസിക്യൂട്ടർ സഞ്ജയ് ജേക്കബ് ഹാജരായി.
സർക്കാർ അന്വേഷണത്തിൽ ജയ്കൃഷ്‌ണൻ നായരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തിയിരുന്നു. എംബിഎ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് യൂണിവേഴ്‌സിറ്റി സാക്ഷ്യപ്പെടുത്തി. പ്രതി സമർപ്പിച്ച പൂണൈ സർവകലാശാലയുടെ ബിബിഎ സർട്ടിഫിക്കറ്റും വ്യാജമാണെന്നു കണ്ടെത്തി.വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ആർ ജയ്കൃഷ്‌ണൻ നായർ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇയാളെ തൃശൂർ സഹകരണ സ്‌പിന്നിങ് മില്ലിലെ മെയിന്റനൻസ് സൂപ്പർവൈസറുടെ തസ്‌തികയിലേക്ക് 2014 ഏപ്രിലിൽ തരംതാഴ്‌ത്തിയിരുന്നു.
ബിരുദങ്ങൾ വ്യാജമാണെന്ന് ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മില്ലിലെ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികളെ കള്ളക്കേസിൽപെടുത്തി സസ്‌പെൻഡ് ചെയ്‌തു. തുടർന്ന് 2013ൽ 84 ദിവസം സംയുക്ത തൊഴിലാളി യൂണിയനുകൾ പണിമുടക്കി.