മതിയായ സുരക്ഷാ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടി വന്ന യുവാവ് ഉരുകിയ ഇരുമ്പില്‍ വീണ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രമുഖ നിര്‍മ്മാണ കമ്പനിക്ക് വന്‍തുക പിഴ. ഇരുമ്പ് ഉരുക്കി വലിയ മെഷീനുകളും വാഹന ഭാഗങ്ങളും നിര്‍മ്മിക്കുന്നതില്‍ പ്രശസ്തമായ കാറ്റര്‍പില്ലര്‍ ഫൌണ്ടറിക്കാണ് വന്‍തുക പിഴ ശിക്ഷ വിധിച്ചത്. ഇല്ലിനോയിസിലെ കമ്പനിയില്‍ സ്റ്റീവ് ഡിര്‍ക്കെസ് എന്ന 39കാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഉരുകിയ ഇരുമ്പ് നിറഞ്ഞ 11 അടി ആഴമുള്ള നിര്‍മ്മാണ ഭാഗത്തേക്കാണ് 39 കാരന്‍ വീണത്.
ജോലിയില്‍ ചേര്‍ന്ന് വെറും ഒന്‍പത് ദിവസം പിന്നിടുമ്പോഴായിരുന്നു ഇത്. ജൂണ്‍ 2നായിരുന്നു അപകടമുണ്ടായത്. ലാവയേക്കാള്‍ രണ്ടിരട്ടി ചൂട് ഈ പാത്രത്തിനനുണ്ടായിരുന്നതായാണ് വിലയിരുത്തല്‍. അമേരിക്കയിലെ തൊഴില്‍ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ജീവനക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം കമ്പനിയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. 1 കോടി 16 ലക്ഷം രൂപയോളമാണ് കമ്പനി പിഴയൊടുക്കേണ്ടി വരിക.
മേപ്പിള്‍ടണിലെ ഫാക്ടറിക്കുള്ളില്‍ 800 അല്‍ അധികം തൊഴിലാളികളാണുള്ളത്. ഖനനത്തിനുപയോഗിക്കുന്ന മെഷീന്‍ ഭാഗങ്ങളം ഇന്ധന വാഹനങ്ങള്‍. വാഹനങ്ങളിലെ ഗ്യാസ് ടര്‍ബൈന്‍ അടക്കമുള്ളവയാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്. സുരക്ഷാ വേലികള്‍ ഉണ്ടാവണമെന്നും ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും തൊഴില്‍ വകുപ്പ് ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. 150000 ടണ്ണോളം ഇരുമ്പ് ഉല്‍പ്പന്നങ്ങളാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്.