റായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതി പ്രത്യേക ക്ഷണിതാവ് പദവി ശശി തരൂർ സ്വീകരിച്ചേക്കില്ല. അംഗത്വം തന്നെ വേണമെന്ന നിലപാടിലുറച്ചാണ് തരൂരും ശശി തരൂരിനെ അനുകൂലിക്കുന്നവരും ഉള്ളത്. അതേസമയം തരൂരിനെ ക്ഷണിതാവാക്കി എതിർ ശബ്ദം ഒഴിവാക്കാനായിരുന്നു നേതൃത്വത്തിൻ്റെ നീക്കം.
അതേസമയം പ്രവർത്തക സമിതി അംഗം ആകാൻ മത്സരം വേണമെന്ന നിലപാട് തരൂർ ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. എന്നാൽ താൻ മത്സരിക്കാനില്ല. തന്നെ നോമിനേറ്റ് ചെയ്യണമെന്ന ആവശ്യവും മുന്നോട്ട് വച്ചിരുന്നു.
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിച്ച തരൂരിന് ആയിരത്തിലധികം വോട്ട് ലഭിച്ചിരുന്നു. നേതൃത്വത്തിന്‍റെ കണക്കുകൂട്ടലുകളെ പോലും തെറ്റിച്ചുകൊണ്ടായിരുന്നു ഈ നേട്ടം തരൂർ കരസ്ഥമാക്കിയത്. കേരളത്തിൽ നിന്നടക്കം വലിയ തോതിൽ പിന്തുണ തരൂരിന് കിട്ടിയിരുന്നു.