പാലക്കാട്: റേഷൻ വിതരണരംഗത്തെ സർവർ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിനെത്തുടർന്ന് റേഷൻ വിതരണത്തിൽ ഏർപ്പെടുത്തിയ ക്രമീകരണം ഈ മാസം 31 വരെ നീട്ടി. രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് ഏഴ് വരെയുമാണ് റേഷൻ കടകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. രാവിലെ പ്രവർത്തിക്കുന്ന കടകൾക്ക് ഉച്ചക്കുശേഷം അവധിയാണ്. ഉച്ചക്കുശേഷം തുറക്കുന്ന കടകൾ രാവിലെ അടച്ചിടും.
മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ റേഷൻ കടകൾ ഈ മാസം അഞ്ച് മുതൽ 10വരെയും 19 മുതൽ 24 വരെയും രാവിലെ പ്രവർത്തിക്കും. 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഈ ജില്ലകളിലെ റേഷൻ കടകൾ ഉച്ചക്കുശേഷമായിരിക്കും പ്രവർത്തിക്കുക. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലെ റേഷൻ കടകൾ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും രാവിലെ തുറന്ന് പ്രവർത്തിക്കും. അഞ്ച് മുതൽ 10 വരെയും 19 മുതൽ 24 വരെയും ഈ ജില്ലകളിലെ റേഷൻകടകൾ ഉച്ചക്കുശേഷമായിരിക്കും പ്രവർത്തിക്കുകയെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു.