ന്യൂഡൽഹി: 1982 ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് ഒന്നുമറിയില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എ.ബി.പി ന്യൂസ് ചാനലിനുനൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വളരെ പ്രശസ്തനായ വ്യക്തിയായിരുന്നു ഗാന്ധി. അതേസമയം, ലോകത്തിന് അദ്ദേഹത്തെ കുറിച്ച് വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ 75 വർഷത്തിനിടെ ഗാന്ധിജിക്ക് ലോകതലത്തിൽ അംഗീകാരം നേടിക്കൊടുക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ കടമയല്ലേയെന്നും മോദി ചോദിച്ചു.
”ലോകത്തിലെ തന്നെ പ്രമുഖനായ വ്യക്തിയാണ് ഗാന്ധി. 75വർഷത്തിനിടെ അദ്ദേഹത്തിന്റെ മഹത്വം ലോകത്തെയറിയിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയായിരുന്നു. ആരും അതെ കുറിച്ച് മനസിലാക്കിയില്ല. എന്നാൽ ഗാന്ധി സിനിമ പുറത്തിറങ്ങിയതോടെ അദ്ദേഹത്തെ ലോകമറിഞ്ഞു. നമ്മളത് ചെയ്തില്ല.”-മോദി അവകാശപ്പെട്ടു.
മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൺ മണ്ഡേലയെയും ലോകത്തിന് നന്നായി അറിയാം. എന്നാൽ ഗാന്ധിജിയെ അത്രകണ്ട് അറിയില്ല. ലോകം മുഴുവൻ സഞ്ചരിച്ചതിന്റെ പരിചയം വെച്ചാണ് ഞാനിത് പറയുന്നത്. -മോദി പറഞ്ഞു.
ടെലിവിഷൻ അഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ കോൺഗ്രസ് ആണ് ആദ്യം രംഗത്തുവന്നത്. മഹാത്മാ ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് എക്സിൽ ആരോപിച്ചു.”സ്ഥാനമൊഴിയുന്ന ഒരു പ്രധാനമന്ത്രിയാണ് 1982ൽ ഗാന്ധി സിനിമ പുറത്തിറങ്ങുന്നത് വരെ ലോകത്തിന് മഹാത്മാഗാന്ധിയെ കുറിച്ച് ഒന്നുമറിയില്ല എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. മഹാത്മാ ഗാന്ധിയുെട പൈതൃകം ആരെങ്കിലും നശിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് ഈ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മാത്രമാണ്. അദ്ദേഹത്തിന്റെ സർക്കാരാണ് വാരാണസിയിലെയും ഡൽഹിയിലെയും അഹ്മദാബാദിലെയും ഗാന്ധിയൻ സ്ഥാപനങ്ങൾ തകർത്തത്.”-എന്നാണ് ജയ്റാം രമേഷ് എക്സിൽ കുറിച്ചത്.
ഗാന്ധിയുടെ ദേശീയതയെ കുറിച്ച് ഒന്നുമറിയില്ല എന്നത് ആർ.എസ്.എസ് പ്രവർത്തകരുടെ മുഖമുദ്രയാണ്. അവരുടെ പ്രത്യയശാസ്ത്രം സൃഷ്ടിച്ച അന്തരീക്ഷമാണ് നാഥുറാം ഗോഡ്‌സെയെ ഗാന്ധി വധത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഗാന്ധിയുടെ അനുയായികളും ഗോഡ്സെയും അനുയായികളും തമ്മിലുള്ള പോരാട്ടമാണ്. ഗോഡ്സെ ഭക്തനായ പ്രധാനമന്ത്രിയുടെയും അനുയായികളുടെയും പരാജയം ഉറപ്പാണെന്നും ജയ്റാം രമേഷ് അഭിപ്രായപ്പെട്ടു.