ന്യൂയോർക്ക് : കോവിഡിന്റെ ഉദ്ഭവം, വ്യാപനം എന്നിവ അന്വേഷിക്കുന്ന ലോകാരോഗ്യസംഘടനാ സമിതിയുടെ ആദ്യ റിപ്പോർട്ട് പുറത്തിറങ്ങി. കോവിഡ് മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരാനാണു സാധ്യതയെന്ന മുൻകണ്ടെത്തൽ സമിതി ആവർത്തിച്ചു. ഇതു സ്ഥിരീകരിക്കാൻ കൂടുതൽ വിവരങ്ങൾ വേണമെന്നും റിപ്പോർട്ട് പറയുന്നു.
27 പേരുള്ള സമിതിയിൽ ഐസിഎംആർ മുൻ ശാസ്ത്രജ്ഞൻ ഡോ. രമൺ ആർ. ഗംഗാഖേദ്കരും അംഗമാണ്. പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങൾ മാത്രമാണു സമിതി പരിഗണിച്ചത്. കോവിഡിനു കാരണമായ വൈറസിനോട് അടുത്ത ജനിതക സാമ്യമുള്ള വൈറസിനെ ചൈന, ലാവോസ് എന്നിവിടങ്ങളിൽ ചില വവ്വാലുകളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ പരിണമിച്ച് മനുഷ്യരിലേക്ക് എത്തിയത് എങ്ങനെയെന്നതിനു മതിയായ തെളിവുകൾ ലഭിച്ചിട്ടില്ല. കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ മാർക്കറ്റിൽ വിപണനം ചെയ്ത മൃഗങ്ങളുടേതടക്കം കൂടുതൽ വിവരങ്ങൾ സമിതി ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് ഗവേഷകർ നൽകിയ വിവരങ്ങൾ അപര്യാപ്തമാണെന്നു സമിതി വിലയിരുത്തി.