ഒരു മെക്കാനിക്കൽ പ്രസിൽ അച്ചടിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുസ്തകം പ്രദർശനത്തിന് എത്തി. ബുദ്ധമത ആശയങ്ങളുമായി ബന്ധപ്പെട്ട് 1377 ൽ അച്ചടിച്ച ‘ജിക്ജി’ (Jikji) എന്ന കൊറിയന്‍ കൃതിയാണ് 50 വർഷത്തിനിടെ ആദ്യമായി പ്രദർശനത്തിന് എത്തിയത്. പാരീസിലാണ് പുസ്തകത്തിന്‍റെ പ്രദർശനം നടക്കുന്നത്. ജർമ്മനിയിലെ പ്രിന്‍റിങ് പ്രസ്സിൽ നിന്ന് ജോഹന്നാസ് ഗുട്ടൻബർഗ് തന്‍റെ പ്രശസ്തമായ ബൈബിൾ അച്ചടിക്കുന്നതിന് ഏകദേശം 78 വർഷങ്ങൾക്ക് മുമ്പാണ് ജിക്ജി എന്ന ഈ കൊറിയൻ പുസ്തകം അച്ചടിച്ചത്. നാഷണൽ ലൈബ്രറി ഓഫ് ഫ്രാൻസിൽ (BnF) ജൂലൈ വരെ നടക്കുന്ന പുതിയ പ്രദർശനത്തിന്റെ ഭാഗമായാണ് ഈ കൊറിയൻ ഗ്രന്ഥം പ്രദർശിപ്പിക്കുന്നത്.
ജിക്ജി ആണ് ആദ്യമായി അച്ചടിച്ച പുസ്തകം എങ്കിലും ഗുട്ടൻബർഗ് പ്രസ്സിന് ലഭിച്ച വിപ്ലവകരമായ പ്രശസ്തി അതിന് ലഭിച്ചില്ല. അതിന് കാരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നത് ആ കാലഘട്ടത്തിൽ സാങ്കേതികവിദ്യ അല്പം പോലും വളർച്ച പ്രാപിക്കാതിരുന്നതാണ്. കൊറിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 1973 കൾക്ക് ശേഷം മാത്രമാണ് ജിക്ജി പൊതുവേദികളിൽ പ്രദർശനത്തിന് എത്തിച്ചത്.
കൊറിയൻ കണ്ടുപിടുത്തത്തെക്കുറിച്ച് ഗുട്ടൻബർഗിനും അറിയില്ലായിരുന്നു എന്നാണ് ജിക്ജി ഇപ്പോൾ പ്രദർശനത്തിനായി എത്തിച്ചിരിക്കുന്ന ബിഎൻഎഫ് അധികൃതരും അഭിപ്രായപ്പെടുന്നത്. 1887-ൽ കൊറിയയിലെ ആദ്യത്തെ ഫ്രഞ്ച് നയതന്ത്രജ്ഞനായ വിക്ടർ കോളിൻ ഡി പ്ലാൻസിയാണ് “ജിക്ജി” ഫ്രാൻസിലേക്ക് കൊണ്ടുവന്നത്.
പുരാതന ഗ്രന്ഥങ്ങൾ ശേഖരിക്കുന്ന ഒരു അജ്ഞാത സ്രോതസ്സിൽ നിന്നാണ് അദ്ദേഹം അത് വാങ്ങിയത്. 1371-1378 കാലഘട്ടത്തിലുള്ളതാണ് ഈ കൃതിയെന്ന കണ്ടെത്തലിനെ തുടർന്നാണ് അദ്ദേഹം ഇത് സ്വന്തമാക്കിയത്. 1900-ൽ പാരീസ് യൂണിവേഴ്സൽ എക്സിബിഷനിൽ ഇത് പ്രദർശിപ്പിച്ചിരുന്നു. പിന്നീട് 1911-ൽ കോളിൻ ഡി പ്ലാൻസി ഇത് 180 ഫ്രാങ്കുകൾക്ക് ലേലത്തിൽ വിറ്റു. ഇത് ഇന്ന് 60,000 യൂറോയ്ക്ക് തുല്യമാണെന്നാണ് ഫ്രാൻസിന്‍റെ ദേശീയ സ്ഥിതിവിവരക്കണക്ക് ബ്യൂറോ പറയുന്നത്. പിന്നീട് 1950 ലാണ് ഇത് ദേശീയ ലൈബ്രറിക്ക് വിട്ടുകൊടുത്തത്.