ലഖ്നൗ: ഐപിഎല്‍ 2023 സീസണിന് മുന്നോടിയായി പുതിയ കുപ്പായം അവതരിപ്പിച്ചിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയന്‍റ്സ്. കഴിഞ്ഞ സീസണില്‍ നിന്ന് ഏറെ മാറ്റങ്ങളുള്ളതാണ് ഈ ജേഴ്സി. കടും നീലനിറത്തിലുള്ള പുതിയ ജേഴ്സിയില്‍ ചുവപ്പ്, പച്ച നിറങ്ങളിലുള്ള തിളക്കമേറിയ വരകളും കാണാം. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ടീം ഉപദേഷ്ടാവ് ഗൗതം ഗംഭീർ, ടീം ഉടമ സഞ്ജയ് ഗോയങ്ക, ലഖ്നൗ താരങ്ങളായ ക്രുണാല്‍ പാണ്ഡ്യ, ദീപക് ഹൂഡ, രവി ബിഷ്ണോയി, ജയ്‍ദേവ് ഉനദ്കട്ട് എന്നിവർ ജേഴ്സി പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
എന്നാല്‍ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ പുതിയ ജേഴ്സിയില്‍ ആരാധകർ ഒട്ടും സംതൃപ്തരല്ല. ചരിത്രത്തിലെ ഏറ്റവും മോശം കുപ്പായമാണിത് എന്നാണ് ആരാധകരുടെ വിമർശനം. 2013ലെ ഡല്‍ഡി ഡെയർഡെവിള്‍സിന്‍റെയും ഇപ്പോഴത്തെ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റേയും ജേഴ്സികള്‍ തമ്മില്‍ ചില സാമ്യതകളുണ്ട് എന്നും ആരാധകർ വാദിക്കുന്നു. പുതിയ കുപ്പായം കണ്ടതോടെ ടീമിന്‍റെ പഴയ ജേഴ്സിയോടുള്ള ബഹുമാനം കൂടി എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ട്വീറ്റ്. എന്തായാലും ടീമിന്‍റെ പുതിയ കിറ്റിനെ ചൊല്ലി ചർച്ച തകൃതിയായി നടക്കുകയാണ്. കഴിഞ്ഞ വർഷത്തെ അരങ്ങേറ്റ സീസണില്‍ 14ല്‍ 9 ഗ്രൂപ്പ് മത്സരങ്ങളും ജയിച്ച ടീം എലിമിനേറ്ററില്‍ ആർസിബിയോട് 14 റണ്‍സിന് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. പുതിയ സീസണിന് മുന്നോടിയായി നിക്കോളാസ് പുരാന്‍, ഡാനിയേല്‍ സാംസ്, റൊമാരിയേ ഷെഫേർഡ്, നവീന്‍ ഉള്‍ ഹഖ് തുടങ്ങിയ വിദേശ താരങ്ങളെ ടീം സ്വന്തമാക്കിയിരുന്നു.