കൽപ്പറ്റ> പൊട്ടിക്കരഞ്ഞ് ബൂട്‌സുകൾ മേശപ്പുറത്തുവച്ച് വൈകാരികതയോടെ ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ പ്രതികരിച്ച സാക്ഷിമാലിക്കിനെ എല്ലാവരും കണ്ടതാണ്. എന്നാലിന്ന് പ്രതീക്ഷയുടെ മുഖവുമായി ഈ ഗുസ്തിതാരം അഭ്യർഥിക്കുന്നത് ചേർത്തുനിർത്തിയ കരങ്ങൾക്ക് കരുത്തുപകരണമെന്നാണ്. ദുരിതകാലത്ത് ഒപ്പംനിന്ന് അറസ്റ്റ് വരിച്ച ആനി രാജയെ പിന്തുണയ്‌ക്കണമെന്നാണ് വീഡിയോയിലൂടെ സാക്ഷിമാലിക് പറയുന്നത്. താനാരാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് സാക്ഷിമാലിക്കിന്റെ വീഡിയോ തുടങ്ങുന്നത്. തുടർന്ന് അന്യായത്തിനെതിരെ പ്രതികരിച്ച ഗുസ്തിതാരങ്ങളെ അവഗണിക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചപ്പോൾ ആനി രാജ നടത്തിയ ഇടപെടലുകൾ ചുരുക്കിപ്പറയുന്നു. ഈ വീഡിയോ നവമാധ്യമങ്ങളിൽ ഇതിനകം വൈറലായി.
തനിക്ക് ഏറ്റവും പ്രിയമുള്ള നേതാവാണ് ആനി രാജ. വനിതാ ഗുസ്തിതാരങ്ങൾക്ക് നേരെയുണ്ടായ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്‌ഭൂഷന്റെ ലൈംഗികാതിക്രമത്തിനെതിരെയുള്ള താരങ്ങളുടെ പ്രതിഷേധത്തിൽ താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്നു. പ്രതിഷേധിച്ചവരെ കള്ളക്കേസിൽ കുടുക്കിയപ്പോൾ ഞങ്ങളോടൊപ്പം അറസ്‌റ്റ് വരിക്കാനും ആനി രാജ മുന്നിലുണ്ടായിരുന്നു. ഗുസ്തി ഫെഡറേഷനിലെ അനീതികൾക്കെതിരെ തുടരുന്ന പോരാട്ടം വിജയിക്കണമെങ്കിൽ വയനാട്ടിലുള്ളവർ ആനി രാജയെ പിന്തുണയ്ക്കണമെന്നും വീഡിയോയിലുണ്ട്.
ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിലെ നിരാശ പങ്കുവച്ചുകൊണ്ടാണ് താൻ ഗുസ്തി അവസാനിപ്പിക്കുന്നതായി സാക്ഷി മാലിക് 2023 ഡിസംബർ 21ന് പ്രഖ്യാപിച്ചത്. മാധ്യമങ്ങൾക്കുമുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ഏറെ വൈകാരികമായായിരുന്നു സാക്ഷിയുടെ പടിയിറങ്ങൽ.