ഡല്‍ഹി: ബേട്ടി ബച്ചാവോ മുദ്രാവാക്യമുയര്‍ത്തുന്ന ബിജെപിയുടെ ഒരു വനിതാ നേതാവ് പോലും വിളിച്ചില്ലെന്ന് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍. പിന്തുണ തേടി ബിജെപി വനിത എംപിമാര്‍ക്ക് കത്ത് അയയ്ക്കുമെന്നും കുറ്റക്കാരന്‍ സ്വതന്ത്രനായി നടക്കുകയാണെന്നും നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും താരങ്ങളുടെ വാര്‍ത്താ സമ്മേളനത്തില്‍ വിനേഷ് ഫോഗട്ട് പറഞ്ഞു. ജന്തര്‍മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം ഇരുപത് ദിവസം പിന്നിട്ടു.
അതേസമയം നേരത്തേ, ഈ മാസം 21നകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഡല്‍ഹി വളയുമെന്ന് താരങ്ങള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്റെ മൊഴി എടുത്തു. താരങ്ങള്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ബ്രിജ് ഭൂഷന്‍ തള്ളി. മൊഴിയെടുക്കലിന്റെ ഭാഗമായി ചില രേഖകളും ബ്രിജ് ഭൂഷണോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും പോലീസ് എടുത്തിട്ടുണ്ട്.