കോഴിക്കോട് : താമരശേരിയിൽ റോഡിലെ കുഴിയിൽ വീണ് തുടയെല്ലുപൊട്ടിയ അബ്ദുൽ റസാക്കിന് ഏഴര ലക്ഷം രൂപ നഷ്‌ടപരിഹാരം. റോഡ് കരാറുകാരനായ ശ്രീധന്യ കൺസ്ട്രക്‌ഷൻസും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമാണ് നഷ്‌ടപരിഹാരം നൽകേണ്ടത്. റോഡ് നിർമാണത്തിനായി കുഴിച്ച കുഴിയിലാണ് അബ്ദുൽ റസാക്ക് വീണത്.
ചുങ്കം –- മുക്കം റോഡിൽ വെഴുപ്പൂർ ബസ്‌സ്റ്റോപ്പിന് സമീപം ജനുവരി അഞ്ചിന് രാത്രിയായിരുന്നു അപകടം. കുഴിയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിരുന്നില്ല. ജില്ലാ നിയമസേവന അതോറിറ്റി മുമ്പാകെ നൽകിയ പരാതി പരിഗണിച്ച അദാലത്തിലാണ് ഏഴര ലക്ഷം രൂപ 10 ദിവസത്തിനകം നൽകാൻ തീരുമാനമായത്. കരാറുകാരനായ ശ്രീധന്യ കൺസ്ട്രക്‌ഷൻസ് ആറര ലക്ഷവും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഒരു ലക്ഷം രൂപയും നൽകും.
ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ്‌ജഡ്‌ജുമായ ഷൈജൽ എംപി അദാലത്തിന് നേതൃത്വം നൽകി. അബ്ദുൽ റസാക്ക്, എക്സിക്യൂട്ടീവ് എൻജിനിയർ ഷാജി, ശ്രീധന്യ കൺസ്ട്രക്‌ഷൻസ് പ്രോജക്റ്റ് മാനേജർ നരസിമ്മൻ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ ട്രീസാ വാലന്റീന, അഡ്വ. ടിവി ഹരി, അഡ്വ. അനിൽ വിശ്വനാഥ്, സോഷ്യോളജിസ്റ്റ് ജിജി എന്നിവർ അദാലത്തിൽ പങ്കെടുത്തു. ജില്ലാ നിയമസേവന അതോറിറ്റി പ്രതിനിധിയായി അഡ്വ. വി പി രാധാകൃഷ്‌ണൻ ഹാജരായി.