അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ കടൽ കയറ്റം ശക്തമായി. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് ശാന്തമായ തീരം പ്രക്ഷുബ്ധമായത്. കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനത്തിന് പോയ ചിലവള്ളങ്ങൾ തോട്ടപ്പള്ളി ഹാർബറിൽ അടുപ്പിച്ചു. പുറക്കാട്, കരൂർ, ആനന്ദേശ്വരം, കാക്കാഴം, വളഞ്ഞവഴി, വണ്ടാനം മാധവൻ മുക്ക്, പൂമീൻ പൊഴി, പുന്നപ്ര ചള്ളി, വിയാനി, സമരഭൂമിനർ ബോണ, പറവൂർ ഗലീലിയ, വാടക്കൽ അറപ്പ പൊഴി മൽസ്യഗന്ധി, വട്ടയാൽ വാടപ്പൊഴി തുടങ്ങിയ തീരങ്ങളിലെല്ലാം കടൽശക്തമാണ്. കഴിഞ്ഞ ദിവസം വൈകിട്ടോടെ പടിഞ്ഞാറ് പുറംകടലിൽ രൂപപ്പെട്ട കൂറ്റൻ തിരമാലകൾ ശക്തിയാർജിച്ച് കരയിലേക്ക് ആഞ്ഞടിക്കുകയാണ്. പുന്നപ്ര ചള്ളി ഫിഷ് ലാന്റ് സെന്റർ ഭാഗത്ത് മീറ്ററുകളോളം കടൽ തീരം കവർന്ന് ഇരച്ചു കയറുന്നത് ഇവിടെ കയറ്റി വെച്ചിരിക്കുന്ന വള്ളങ്ങൾക്കും പൊന്തുകൾക്കും ഭീഷണിയായി. കടൽകയറ്റത്തെ തുടർന്ന് ചള്ളി തീരത്തു നിലം പൊത്താറായ ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ദിവസം അധികൃതർ ഇളക്കി ഇവിടെ നിന്ന് മാറ്റിയതിനാൽ ലക്ഷങ്ങളുടെ നാശം ഒഴിവായി.
ഇനി കടലെടുത്ത തൂണ് മാത്രമാണ് അവശേഷിക്കുന്നത്. പുന്നപ്ര വിയാനി തീരത്തു കടൽശക്തമാണ്. ഇവിടെ കടൽ ഭിത്തിയില്ലാത്തതു മൂലം ശക്തി പ്രാപിച്ച തിരമാലകൾ തീരദേശ റോഡു വരെ ഇരച്ചുകയറി. വിയാനി തീരത്ത് കടൽ ഭിത്തികെട്ടണമെന്നുള്ള നാട്ടുകാരുടെ മുറവിളിക്ക് ഇതുവരെ പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല.