വ്യോമയാന വിപണിയിൽ ചടുല നീക്കങ്ങളുമായി എയർലൈൻ കമ്പനിയായ ആകാശ എയർ. 150 ബോയിംഗ് 737 മാക്‌സിന് ആകാശ ഓർഡർ നൽകിയതായി കമ്പനി അറിയിച്ചു. ആഭ്യന്തര, അന്തർദേശീയ സർവീസുകൾക്കായി ഈ വിമാനം ഉപയോഗിക്കും. പുതിയ വിമാനങ്ങൾക്കുള്ള ഓർഡറിലൂടെ ഈ ദശാബ്ദത്തിന്റെ അവസാനം ആകുമ്പോഴേക്കും ലോകത്തെ മികച്ച 30 എയർലൈനുകളിൽ ഇടംപിടിക്കാൻ ആകാശ എയറിന് സാധിക്കുമെന്ന് സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു.
2022ലാണ് ആകാശ എയർ പ്രവർത്തനം തുടങ്ങിയത്. കമ്പനിയുടെ വിമാനങ്ങളിൽ 22 എണ്ണം വരുന്ന 737 മാക്‌സ് ജെറ്റുകൾ ഉൾപ്പെടുന്നു. വെറും രണ്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് ആകാശ എയർ പ്രവർത്തനം ആരംഭിച്ചത്. 12 മാസത്തിനുള്ളിൽ 20 വിമാനങ്ങളിലേക്ക് ഉയരുന്നതിന് ആകാശയ്ക്ക് സാധിച്ചു. ഇതുവരെ ആകാശ എയർ 63 ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകി. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത, പോർട്ട് ബ്ലെയർ, അയോധ്യ എന്നീ 18 നഗരങ്ങളെ ആകാശ ബന്ധിപ്പിക്കുന്നു.. രാജ്യത്തെ ആഭ്യന്തര വ്യോമയാന രംഗത്ത് ആകാശ എയർ ഇതിനകം ഏകദേശം 4% വിപണി വിഹിതം നേടിയിട്ടുണ്ട്. പ്രവർത്തനം ആരംഭിച്ച് 17 മാസത്തിനുള്ളിൽ ഇരുന്നൂറിലധികം വിമാനങ്ങളുടെ ഓർഡർ ബുക്കിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈനായി കമ്പനി മാറുമെന്ന് ആകാശ പറഞ്ഞു. എയർലൈനിന്റെ ശക്തമായ വളർച്ചയും സാമ്പത്തിക സ്ഥിരതയും സ്ഥിരീകരിക്കുന്നതാണ് ഈ ഓർഡറെന്നും കമ്പനി വ്യക്തമാക്കി.
2021-ൽ, ആകാശ എയർ 72 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. ഇതിനുശേഷം, 2023 ജൂണിൽ 4 ബോയിംഗ് 737 മാക്സ് 8 വിമാനങ്ങൾക്കും ഓർഡർ നൽകി. മികച്ച ഇന്ധനക്ഷമതയും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയിരിക്കുന്ന ബോയിംഗ് 737-8 എയർക്രാഫ്റ്റുകള്‍ യാത്രാസുഖത്തിനും പേരുകേട്ടതാണ്. നിലവിൽ 22 വിമാനങ്ങളാണ് ആകാശ എയറിന്റെ ഉടമസ്ഥതയിലുള്ളത്. അടുത്ത എട്ട് വർഷത്തിനുള്ളിൽ മൊത്തം 204 വിമാനങ്ങൾ കൂടി കമ്പനിക്ക് ലഭിക്കും.