തിരുവനന്തപുരം: കെ ഫോണിന് 2024-ലെ ഏഷ്യൻ ടെലികോം അവാർഡിൽ ’ഇൻഫ്രാസ്ട്രക്ചർ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ’ പുരസ്‌കാരം ലഭിച്ചു. പ്രമുഖ അന്തർദേശീയ മൊബൈൽ കമ്യൂണിക്കേഷൻ പ്രസിദ്ധീകരണമായ ഏഷ്യൻ ടെലികോം എല്ലാ വർഷവും മികച്ച ടെലികോം കമ്പനികൾക്ക് പുരസ്കാരം നൽകാറുണ്ട്. സിംഗപ്പുരിലെ മറീന ബേ സാൻഡ്സ് എക്സ്പോ ആൻഡ് കൺവെൻഷൻ സെന്റൽ വെച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ മികച്ച ടെലി കോം കമ്പനിയായി ജിയോ പ്ലാറ്റ്ഫോമിനെ തെരഞ്ഞെടുത്തു. ബിടുബി ക്ലയന്റ് ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ പുരസ്കാരവും ക്ലൗഡ് ഇനിഷ്യേറ്റീവ് ഓഫ് ദ ഇയർ പുരസ്കാരവും ഇന്ത്യൻ കമ്പനിയായ പ്ലിൻട്രോണിന് ലഭിച്ചു.ഡിജിറ്റൽ ഇനീഷ്യേറ്റീവിനുള്ള പുരസ്കാരം ടാറ്റ കമ്മ്യൂണിക്കേഷൻ ലിമിറ്റഡിനും ലഭിച്ചു. 28,888 കിലോമീറ്റർ ദൈർഘ്യമുള്ള ഫൈബർ ഒപ്റ്റിക് കേബിൾ നെറ്റ്‌വർക്കിന്റെ 96 ശതമാനവും കെ ഫോൺ പൂർത്തിയാക്കി. ഏഷ്യൻ ടെലികോം മേഖലയിൽ നൂതനമായ വിവിധ സാങ്കേതിക സാധ്യതകൾ കണ്ടെത്തുന്നതിനും നടപ്പാക്കുന്നതിനുമുള്ള കെ ഫോണിന്റെ ഇച്ഛാശക്തിയാണ് പുരസ്‌കാര നേട്ടത്തിന് കാരണമെന്ന് അവാർഡ് നിർണയ കമ്മിറ്റി വിലയിരുത്തി.