ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയർത്തി. എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ നിരക്ക് 25 ബേസിസ് പോയിന്റുകൾ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വന്നു.
മൂന്ന് മാസം വരെയുള്ള വായ്പയുടെ എംസിഎൽആർ നിരക്ക് 7.35 ശതമാനത്തിൽ നിന്ന് 7.60 ശതമാനമായി എസ്ബിഐ ഉയർത്തി. ആറ് മാസത്തെ വായ്പ നിരക്ക് 7.65 ശതമാനത്തിൽ നിന്ന് 7.90 ശതമാനമായും ഉയർത്തി. ഒരു വർഷം വരെ കാലാവധിയുള്ള വായ്പയുടെ നിരക്ക് 7.7 ശതമാനത്തിൽ നിന്ന് 7.95 ശതമാനമായും രണ്ട് വർഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 7.9 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായും ബാങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് വർഷം വരെ കാലാവധിയുള്ള വായ്പയുടെ പലിശ നിരക്ക് 8 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ വായ്പാ പലിശ നിരക്കുകൾ ഉയർത്തിയിരുന്നു. എസ്ബിഐയും നിക്ഷേപ പലിശ വർദ്ധിപ്പിച്ചിരുന്നു. 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് എസ്ബിഐ ഉയർത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് 3 ശതമാനം മുതൽ 5.85 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 6.65% ശതമാനം വരെയും പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.