ദില്ലി : രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണ ഉറപ്പിക്കാൻ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളാണ് യശ്വന്ത് സിൻഹ സന്ദർശിക്കുക. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങി എത്തിയ ശേഷം ഈ മാസം 27ന് അദ്ദേഹം പത്രിക സമർപ്പിക്കും.
നേരത്തെ പ്രതിപക്ഷ നിരയിലെ 17 പാർട്ടികളുടെ പിന്തുണയോടെയാണ് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എൻസിപി അധ്യക്ഷൻ ശരത് പവാറാണ് യശ്വന്ത് സിൻഹയുടെ പേര് മുന്നോട്ടുവച്ചത്. മത്സരിക്കാൻ തൃണമൂലിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി യശ്വന്ത് സിൻഹ അംഗീകരിച്ചിരുന്നു. രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രതിപക്ഷ നിര ഉയർത്തിക്കാട്ടിയ ശരത് പവാറും ഫറൂഖ് അബ്ദുള്ളയും ഗോപാൽകൃഷ്ണ ഗാന്ധിയും പിന്മാറിയതോടെയാണ് യശ്വന്ത് സിൻഹയ്ക്ക് നറുക്ക് വീണത്.