ന്യുഡൽഹി: വിദ്വേഷം തുടച്ചുനീക്കുന്നതുവരെ യാത്ര തുടരുമെന്ന് രാഹുൽ ഗാന്ധി. ഇന്ത്യ ഒന്നിക്കുമെന്നും ഇത് തന്‍റെ വാഗ്ദാനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.ഭാരത് ജോഡോ യാത്രയുടെ ഐക്യത്തിലേക്കും സ്നേഹത്തിലേക്കുമുള്ള കോടിക്കണക്കിന് ചുവടുകൾ രാജ്യത്തിന് നല്ല നാളെയുടെ അടിത്തറയായി മാറിയെന്ന് യാത്രയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.ഭാരത് ജോഡോ യാത്രയിൽ 12 പൊതുയോഗങ്ങളിലും 100ൽ അധികം തെരുവുകളിലും 13 പ്രസ് കോൺഫറൻസുകളിലും രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു.
പാർട്ട് ടൈം രാഷ്ട്രീയക്കാരനിൽ നിന്ന് പക്വതയുള്ള, എതിരാളികൾ ഗൗരവമായി എടുക്കുന്ന വ്യക്തിയിലേക്കുള്ള രാഹുൽ ഗാന്ധിയുടെ പരിവർത്തനമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. 4,000 കിലോമീറ്ററിലധികമുണ്ടായിരുന്ന യാത്രക്കിടെ കമൽഹാസൻ, പൂജാ ഭട്ട്, റിയ സെൻ, സ്വര ഭാസ്‌കർ, രഷാമി ദേശായി, ആകാൻക്ഷ പുരി, അമോൽ പലേക്കർ തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ യാത്രയിൽ പങ്കുചേർന്നു.
നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, പി.ഡി.പിയുടെ മെഹബൂബ മുഫ്തി, ശിവസേനയുടെ ആദിത്യ താക്കറെ, പ്രിയങ്ക ചതുർവേദി, സഞ്ജയ് റാവുത്ത്, എൻ.സി.പിയുടെ സുപ്രിയ സുലെ എന്നിവരും ഭാരത് ജോഡോ യാത്രയിൽ വിവിധ സമയങ്ങളിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്നിരുന്നു.