മുംബൈ : പാൽഘർ ജില്ലയിലെ വസായിൽ 3 വയസ്സുകാരി ഫ്ലാറ്റിന്റെ ഏഴാം നിലയിലെ ബാൽക്കണിയിൽനിന്ന് വീണുമരിച്ചു. ശ്രേയ മഹാജൻ ആണു മരിച്ചത്. രാവിലെ ഏഴുമണിയോടെ ശ്രേയയുടെ മൂത്ത സഹോദരനെ സ്‌കൂൾബസിൽ കയറ്റി വിടുന്നതിനായി മാതാവ് പുറത്തുപോയ സമയത്ത് കുഞ്ഞ് ബാൽക്കണിയിലേക്ക് ഇറങ്ങുകയായിരുന്നു. ബാൽക്കണിയിൽ കമ്പി കൊണ്ടുള്ള മറ മാത്രമാണ് ഉണ്ടായിരുന്നത്.
ശ്രേയ ഉറങ്ങി എഴുന്നേറ്റ ഉടനെ അമ്മയെ അന്വേഷിച്ചെങ്കിലും കണ്ടില്ല. ബാൽക്കണിയിൽ അമ്മയുടെ മൊബൈൽ ഫോൺ കിടക്കുന്നത് കണ്ട കുട്ടി അതെടുക്കാൻ ശ്രമിച്ചു. ഫോൺ ബാൽക്കണിയിലെ കമ്പിക്കിടയിലൂടെ താഴെ വീണു. അതോടെ കമ്പിയിലൂടെ കയറാനായി കുട്ടിയുടെ ശ്രമം. കാൽ വഴുതിയ കുട്ടി നേരേ താഴോട്ടു പതിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരും താഴെയുണ്ടായിരുന്നവരും ശബ്‌ദംകേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഫ്ലാറ്റിന്റെ ഗേറ്റിനരികിൽതന്നെ ഉണ്ടായിരുന്ന ശ്രേയയുടെ അമ്മ ആൾക്കൂട്ടം കണ്ട് ഓടിയെത്തിയപ്പോഴാണ് ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വൈകാതെ മരിച്ചു. ശ്രേയയുടെ പിതാവ് വിദേശത്താണ്. അപകടമരണത്തിന് പൊലീസ് കേസെടുത്തു.