ബെംഗളൂരു : സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന സൂചന നൽകി മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഷിമോഗ ജില്ലയിലെ ശിക്കാരിപുരയിൽ രണ്ടാമത്തെ മകൻ ബി.വൈ.വിജയേന്ദ്ര മത്സരിക്കുമെന്ന് എഴുപത്തൊൻപതുകാരനായ യെഡിയൂരപ്പ സൂചന നൽകിയതോടെയാണ് അദ്ദേഹം വിരമിക്കുകയാണെന്ന അഭ്യൂഹം ശക്തമായത്.
ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ യെഡിയൂരപ്പ, ശിക്കാരിപുരയിൽ മകനു പിന്തുണ നൽകാനും അഭ്യർഥിച്ചു. 1983 മുതൽ എട്ടു തവണ ശിക്കാരിപുരയിൽനിന്നു മത്സരിച്ചു ജയിച്ച യെഡിയൂരപ്പ, നാലു തവണ കർണാടക മുഖ്യമന്ത്രിയുമായി. 2014ൽ യെഡിയൂരപ്പ ഷിമോഗയിൽനിന്ന് ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചതോടെ ഇവിടെ ഉപതിരഞ്ഞെടുപ്പു നടന്നിരുന്നു. അന്ന് മറ്റൊരു മകൻ ബി.വൈ.രാഘവേന്ദ്രയാണ് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചത്. യെഡിയൂരപ്പയുടെ പിൻഗാമിയായി ഇവിടെയെത്തുന്ന വിജയേന്ദ്ര, നിലവിൽ കർണാടക ബിജെപിയുടെ ഉപാധ്യക്ഷനാണ്.
‘‘എന്നെ അകമഴിഞ്ഞു പിന്തുണച്ചതുപോലെ വിജയേന്ദ്രയെയും പിന്തുണയ്ക്കാൻ ഞാൻ അഭ്യർഥിക്കുന്നു. വിജയേന്ദ്ര ഒരു ലക്ഷത്തിലധികം വോട്ടിനു ജയിക്കുന്നുവെന്ന് നമ്മൾ ഉറപ്പാക്കണം’’ – തന്റെ മണ്ഡലത്തിലെ വോട്ടർമാരോടായി യെഡിയൂരപ്പ പറഞ്ഞു. ആഴ്ചയിലൊരിക്കൽ മണ്ഡലത്തിലെത്തുമെന്ന് ഉറപ്പു നൽകിയ യെഡിയൂരപ്പ, മണ്ഡലത്തിൽ ബിജെപിയെ ശക്തിപ്പെടുത്താനും ആവശ്യപ്പെട്ടു.
അതിനിടെ, യെഡിയൂരപ്പയ്‌ക്കെതിരായ ഒരു അഴിമതിക്കേസിലെ തുടർ നടപടികൾ നിർത്തിവയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഈ കേസുമായി ബന്ധപ്പെട്ട എഫ്ഐആർ റദ്ദാക്കാനുള്ള അപേക്ഷ കർണാടക ഹൈക്കോടതി തള്ളിയതോടെയാണ് യെഡിയൂരപ്പ സുപ്രീംകോടതിയെ സമീപിച്ചത്.