തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനമായെങ്കിലും കാലവർഷം തുടരും. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് കളക്ടർമാർ അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി. ആലപ്പുഴയിൽ ക്യാമ്പുള്ള എല്‍പി, യുപി സ്കൂളുകൾക്ക് മാത്രമാണ് അവധി ഉണ്ടാകുക.
അതേസമയം, അടുത്ത മണിക്കൂറിൽ പത്തനംതിട്ട , ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശവും തുടരുകയാണ്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ 15-07-2023 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.