പാംപ്ലോന : സ്‌പാനിഷ് ലീഗിൽ ഒസാസുനയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് റയൽ മാഡ്രിഡ് ആധിപത്യം തുടരുന്നു. ഡേവിഡ് അലാബ, മാര്‍കോ അസെൻസിയോ, ലൂക്കാസ് വാസ്ക്വെസ് എന്നിവെരാണ് റയലിന്‍റെ സ്കോറർമാർ. സൂപ്പര്‍താരം കരീം ബെന്‍സേ ഇരട്ട പെനാല്‍റ്റികള്‍ നഷ്‌ടപ്പെടുത്തിയെങ്കിലും റയല്‍ ജയഭേരി തുടരുകയായിരുന്നു.
14-ാം മിനുറ്റില്‍ അലാബയുടെ ഗോളില്‍ റയല്‍ മുന്നിലെത്തിയപ്പോള്‍ തൊട്ടടുത്ത മിനുറ്റില്‍ ബുഡിമിര്‍ ഒസാസുനയെ ഒപ്പമെത്തിച്ചു. എന്നാല്‍ 45-ാം മിനുറ്റില്‍ അസെൻസിയോയും ഇഞ്ചുറിടൈമില്‍(90+6) വാസ്ക്വെസും നേടിയ ഗോളുകള്‍ റയലിന് 1-3ന്‍റെ ജയമൊരുക്കി. ഇതിനിടെ 52, 59 മിനുറ്റുകളില്‍ പെനാല്‍റ്റിയിലൂടെ ലഭിച്ച സുവര്‍ണാവസരങ്ങള്‍ ബെന്‍സേമ പാഴാക്കുകയായിരുന്നു. 33 മത്സരങ്ങളില്‍ 78 പോയിന്‍റോടെ റയല്‍ തലപ്പത്ത് കുതിക്കുകയാണ്. രണ്ടാമതുള്ള അത്‌ലറ്റികോ മാഡ്രിഡിന് 61 ഉം ഒരു മത്സരം കുറവ് കളിച്ച് മൂന്നാമതുള്ള ബാഴ്‌സലോണയ്‌ക്ക് 60 ഉം പോയിന്‍റേയുള്ളൂ.
ലാലിഗയിൽ കഴിഞ്ഞ മത്സരത്തില്‍ പ്രമുഖ താരങ്ങള്‍ അണിനിരന്നിട്ടും എതിരില്ലാത്ത ഒരു ഗോളിന് കാഡിസിനോട് ബാഴ്‌സലോണ തോറ്റിരുന്നു. ബാഴ്സയുടെ മൈതാനമായ ക്യാംപ് നൗവിലായിരുന്നു മത്സരം. 48-ാം മിനുറ്റിൽ ലൂക്കാസ് പെരസ് ആണ് കാഡിസിന്‍റെ ഗോൾ നേടിയത്. 32 കളികളില്‍ 31 പോയിന്‍റ് മാത്രമായി 16-ാം സ്ഥാനക്കാരാണ് ബാഴ്‌സയെ മുട്ടുകുത്തിച്ച കാഡിസ്.